ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ കൊവിഡ് കേസുകള്‍ വീണ്ടും വര്‍ധിക്കുന്നു. രാജ്യത്തെ 26 നഗരങ്ങളില്‍ എട്ട് ശതമാനത്തിലധികമാണ് പോസിറ്റിവിറ്റി നിരക്കെന്ന് നാഷണല്‍ കമാന്‍ഡ് ആന്‍റ് ഓപ്പറേഷന്‍ സെന്‍റര്‍. പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് പിന്നാലെ പാക് പ്രസിഡന്‍റ് ആരിഫ് ആല്‍വി, പ്രതിരോധ മന്ത്രി പര്‍വേസ് കട്ടക് എന്നിവരും കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിലാണ്.
മാര്‍ച്ച് 20നാണ് ഇമ്രാന്‍ ഖാന് കൊവിഡ് സ്ഥിരീകരിച്ചത്. 20നും 40നും വയസിനിടയിലുള്ളവര്‍ക്കാണ് ഏറ്റവും കൂടുതല്‍ കൊവിഡ് റിപ്പോര്‍ട്ട് ചെയ്യുന്നത്. 60 വയസിന് മുകളിലുള്ള മുതിര്‍ന്ന പൗരന്മാരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് മരണമടയുന്നവരിലേറെയും.
കൊവിഡ് പോസിറ്റിവിറ്റി നിരക്ക് ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്‌ത 26 നഗരങ്ങളില്‍ ഇസ്ലാമാബാദ്, ലാഹോര്‍, റാവല്‍പിണ്ടി, പെഷവാര്‍, സ്വാത് എന്നിവയും ഉള്‍പ്പെടുന്നു. തിങ്കളാഴ്‌ചയാണ് കൊവിഡ് സ്ഥിരീകരിച്ച വിവരം പ്രസിഡന്‍റ് ഡോ. ആരിഫ് ആല്‍വി അറിയിച്ചത്. ഈ മാസം ആദ്യം പ്രസിഡന്‍റും ഭാര്യയും ചൈനീസ് കൊവിഡ് വാക്‌സിന്‍ സിനോഫാം സ്വീകരിച്ചിരുന്നു.
രാജ്യത്ത് കൊവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ മാര്‍ച്ച് 28 മുതല്‍ വിവാഹമടക്കം ആളുകള്‍ കൂട്ടം കൂടുന്ന എല്ലാ പരിപാടികള്‍ക്കും അധികൃതര്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. വിവിധ പ്രവിശ്യകളിലേക്കുള്ള യാത്രാ നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. വാക്‌സിന്‍ വിതരണം വേഗത്തിലാക്കാനും സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.
റിപ്പോര്‍ട്ടുകള്‍ പ്രകാരം പാകിസ്ഥാനില്‍ 24 മണിക്കൂറിനിടെ 4525 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 41 പേര്‍ മരിച്ചു. നിലവില്‍ 46,663 പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ 3648 പേര്‍ ആശുപത്രികളില്‍ ചികിത്സയിലാണ്. ജോണ്‍ ഹോപ്‌കിന്‍സ് സര്‍വകലാശാലയുടെ കണക്ക് പ്രകാരം, പാകിസ്ഥാനില്‍ ഇതുവരെ 6,63,200 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 14,356 പേര്‍ ഇതുവരെ കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്‌തു.