ഇസ്ലാമാബാദ്: പാകിസ്ഥാനിലെ പഞ്ചാബിൽ യുഎന്‍ സുരക്ഷാ സമിതി ആഗോള ഭീകരനായി പ്രഖ്യാപിച്ച ഹാഫിസ് സയിദുമായി അടുത്ത ബന്ധമുള്ള നാല് പേരെ അറസ്റ്റ് ചെയ്തു. പഞ്ചാബ് സർക്കാരിന്‍റെ കീഴിലുള്ള ഭീകരവാദ വിരുദ്ധ സ്ക്വാഡാണ് ഇവരെ അറസ്റ്റ് ചെയ്തത്. സഫർ ഇക്ബാൽ, ഹാഫിസ് യഹ്‌യ അസീസ്, മുഹമ്മദ് അഷ്‌റഫ്, അബ്ദുൾ സലാം എന്നിവരാണ് അറസ്റ്റിലായത്. നാല് പേരെയും ഇന്ന് കോടതിയിൽ ഹാജരാക്കും.
നിർണായകമായ ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്ക് ഫോഴ്സ് യോഗം നടക്കാനിരിക്കെയാണ് പാകിസ്ഥാന്‍റെ നടപടി. ഒക്ടോബർ 12 മുതൽ ഒക്ടോബർ 15 വരെ പാരീസിലാണ് യോഗം.
ഭീകരവാദികളെയും ഭീകരവാദ സംഘടനകളെയും നിയന്ത്രിക്കുന്നതില്‍ പാകിസ്ഥാന്‍ പരാജയപ്പെട്ടെന്നുവെന്ന് എഫ്എടിഎഫ് പറഞ്ഞിരുന്നു. ഭീകരവാദ സംഘടനകള്‍ക്ക് സാമ്പത്തിക ലഭ്യത ഇല്ലാതാക്കാനായി നിര്‍ദേശിച്ച 40 മാനദണ്ഡങ്ങളില്‍ ഒന്നുമാത്രമാണ് നടപ്പാക്കിയതെന്നും എഫ്എടിഎഫ് നേരത്തെ കുറ്റപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ഇപ്പോൾ പാകിസ്ഥാന്‍റെ നടപടി.