കാബൂൾ : അഫ്‌ഗാനിസ്ഥാനില്‍ താലിബാന്‍ അധികാരത്തില്‍ വന്നതിനുപിന്നാലെ കടുത്ത അരക്ഷിതാവസ്ഥയും രൂക്ഷമായ സാമ്പത്തിക മാന്ദ്യവുമാണ് ജനതയ്ക്ക് അനുഭവപ്പെടുന്നത്. ഉപജീവനത്തിനുള്ള വക കണ്ടെത്താന്‍ വീട്ടുപകരണങ്ങളടക്കം തെരുവില്‍ വില്‍പ്പനയ്ക്ക് വച്ചിരിക്കുകയാണ് അഫ്‌ഗാന്‍ ജനത.
ഫര്‍ണിച്ചറുകള്‍, ഫ്രിഡ്‌ജ്, മിക്‌സി, പാത്രങ്ങള്‍, ഗ്ലാസുകള്‍ തുടങ്ങിയവ വില്‍പ്പനയ്ക്ക് വച്ചതിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. യഥാർഥ വിലയുടെ പകുതിയ്‌ക്കാണ് ഈ കച്ചവടം.
അതേസമയം, താലിബാന്‍ രാജ്യത്തിന്‍റെ ഭരണം ഏറ്റെടുത്തതോടെ 20 പ്രവിശ്യകളിലായി 153 മാധ്യമ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടിയതായി അഫ്‌ഗാനിലെ പ്രമുഖ വാര്‍ത്താചാനലായ ടോലോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്‌തു.
ടെലിവിഷന്‍ ചാനലുകള്‍, പത്രങ്ങള്‍, റേഡിയോ നിലയങ്ങള്‍, ഓണ്‍ലൈന്‍ സ്ഥാപനങ്ങള്‍ എന്നിവയാണ് പൂട്ടിയത്. കടുത്ത നിയന്ത്രണങ്ങള്‍, സാമ്പത്തിക പ്രതിസന്ധി, വ്യാവസായിക മാന്ദ്യം വിപണിയിലെ അരക്ഷിതാവസ്ഥ തുടങ്ങിയവയാണ് കാരണം.