യുണെറ്റഡ് നേഷൻസ്: പാകിസ്ഥാൻ സൈന്യം തുടർച്ചയായി കയ്യേറ്റം നടത്തുന്നുവെന്ന് യുഎന്നിന് കത്തെഴുതി അഫ്‌ഗാനിസ്ഥാൻ. ആവശ്യമായ നടപടികൾ എടുക്കണമെന്നും ഈ സാഹചര്യം അവസാനിപ്പിക്കണമെന്നും 15 അംഗരാജ്യങ്ങൾ ഉൾക്കൊള്ളുന്ന സുരക്ഷാ സമിതിയോട് അഫ്‌ഗാനിസ്ഥാൻ ആവശ്യപ്പെട്ടു. അഫ്‌ഗാനിസ്ഥാന്‍റെ യുഎൻ സ്ഥിരം പ്രതിനിധി അഡെല റാസ്, സുരക്ഷാ സമിതി പ്രസിഡന്‍റിനാണ് കത്തെഴുതിയത്. പാകിസ്ഥാന്‍റെ കടന്നുകയറ്റം സംബന്ധിച്ച് ഫെബ്രുവരിയിലും 2019 ഓഗസ്റ്റിലും സുരക്ഷാ സമിതിയെ അറിയിച്ചിരുന്നതായും അഡെല റാസ് കത്തിൽ പരാമർശിച്ചു.
അഫ്‌ഗാൻ അതിർത്തി പോസ്റ്റുകളിലും കുനാർ പ്രവിശ്യയിലെ സരകാനോ, ആസാദ് അബാദ് ജില്ലകളിലെ സിവിലിയൻ റസിഡൻഷ്യൽ ഏരിയകൾക്കുമെതിരെ ജൂലൈ 15ന് പാകിസ്ഥാൻ സൈനികർ പീരങ്കി ആക്രമണം ആരംഭിച്ചതായും റാസ് കത്തിൽ പറയുന്നു. ആക്രമണത്തിൽ അഫ്ഗാൻ നാഷണൽ ഡിഫൻസ് ആൻഡ് സെക്യൂരിറ്റി ഫോഴ്‌സ് അംഗങ്ങൾ, പ്രദേശവാസികളായ സ്ത്രീകൾ, കുട്ടികൾ ഉൾപ്പെടെയുള്ളവർ കൊല്ലപ്പെട്ടു. പാകിസ്ഥാൻ സർക്കാരിനോട് ഉഭയകക്ഷിപരമായും മറ്റ് നടപടികളിലൂടെയും നിയമവിരുദ്ധ നടപടികൾ അവസാനിപ്പിക്കണമെന്ന് നിരവധി അഭ്യർത്ഥനകൾ നൽകിയിരുന്നുവെന്നും കത്തിൽ പറയുന്നുണ്ട്.