കാബൂൾ: കിഴക്കന്‍ അഫ്‌ഗാനിസ്ഥാനില്‍ നംഗർഹാർ പ്രവിശ്യയിലെ മുസ്ലീം പള്ളിയില്‍ വെള്ളിയാഴ്‌ച നടന്ന ബോംബാക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 72 ആയി. സംഭവത്തില്‍ നാല് പേരെ കാണാതായിട്ടുണ്ട്. 30 പേര്‍ക്ക് പരിക്കേറ്റു. രക്ഷാപ്രവര്‍ത്തനം ഇപ്പോഴും തുടരുകയാണ്. ചാവേര്‍ ആക്രമണം ആണെന്നാണ് പ്രാദേശിക ഭരണകൂടത്തിന്‍റെ സ്ഥിരീകരണം.
സ്‌ഫോടകവസ്‌തുക്കളുമായി പള്ളിയിലേക്ക് കയറിയ അക്രമികളിലൊരാൾ പൊട്ടിത്തെറിച്ചുവെന്നും മറ്റേയാൾ ഓടി രക്ഷപ്പെട്ടുവെന്നുമാണ് ആര്‍മി ഉദ്യോഗസ്ഥര്‍ അറിയിച്ചത്. സ്‌ഫോടനത്തെ ശക്തമായി അപലപിച്ച് അഫ്‌ഗാന്‍ പ്രസിഡന്‍റ് ഘാനിയുടെ ഔദ്യോഗിക വക്താവ് രംഗത്തെത്തി. ആക്രമണത്തിന്‍റെ ഉത്തരവാദിത്തം താലിബാന്‍ നിഷേധിച്ചു. നേരത്തെ അഫ്‌ഗാന്‍ പൊലീസ് ആസ്ഥാനത്തിന് നേരെ നടന്ന ചാവേറാക്രമണത്തിന്‍റെ ഉത്തരവാദിത്തം താലിബാന്‍ ഏറ്റെടുത്തിരുന്നു. ആക്രമണത്തില്‍ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെടുകയും 26 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തിരുന്നു.