കാബൂൾ: താലിബാൻ സംഘടിത അതിക്രമങ്ങൾ തടയുന്നതിനും കുറ്റവാളികളെ വിചാരണ ചെയ്യുന്നതിനും സർക്കാരുമായി സഹകരിക്കണമെന്ന് ആവശ്യപ്പെട്ട് അഫ്‌ഗാനിസ്ഥാൻ. അന്താരാഷ്ട്ര രാജ്യങ്ങളോടും, മനുഷ്യാവകാശ ഏജൻസികളോടും, അന്താരാഷ്ട്ര ക്രിമിനൽ കോടതിയോടുമാണ് (ഐസിസി) അഫ്‌ഗാൻ സർക്കാർ ആവശ്യമുന്നയിച്ചത്.
താലിബാന്‍റെ നിന്ദ്യമായ കുറ്റകൃത്യങ്ങളെ അപലപിച്ച അഫ്‌ഗാനിസ്ഥാൻ ഹ്യൂമൻ റൈറ്റ്സ് വാച്ച് അടക്കമുള്ള അന്താരാഷ്‌ട്ര ഏജൻസികളുടെ താലിബാന്‍റെ തീവ്രവാദവുമായി ബന്ധപ്പെട്ട റിപ്പോർട്ടുകളെയും സ്വാഗതം ചെയ്‌തിട്ടുണ്ട്.
നിയമവിരുദ്ധമായ അറസ്റ്റുകൾ, കൊലപാതകങ്ങൾ, സാധാരണക്കാർക്ക് നേരെയുള്ള അക്രമങ്ങൾ, നിർബന്ധിത വിവാഹം, അടിസ്ഥാന മനുഷ്യാവകാശ ലംഘനം തുടങ്ങിയ കുറ്റകൃത്യങ്ങൾ താലിബാൻ നടത്തിയതായി നിരവധി ഏജൻസികളടക്കം റിപ്പോർട്ട് ചെയ്‌തിരുന്നു.
താലിബാൻ അഫ്‌ഗാന്‍റെ അന്താരാഷ്‌ട്ര പ്രതിബദ്ധതകളും ദോഹ സമാധാന ഉടമ്പടിയും പാലിക്കുന്നില്ലെന്ന് സ്ഥിരീകരിച്ച അന്താരാഷ്‌ട്ര ഏജൻസികളുടെ ശ്രമങ്ങളെയും സർക്കാർ അഭിനന്ദിച്ചു.
താലിബാന്‍റെ അക്രമം അവസാനിപ്പിക്കാനായി മനുഷ്യാവകാശ സമിതിയുടെ ഉന്നതതലയോഗം ചേരണമെന്നും മനുഷ്യരാശിക്കെതിരായ താലിബാന്‍റെ തീവ്രവാദം അവസാനിപ്പിക്കുന്നതിനായി ലോകരാജ്യങ്ങൾ ഒന്നിച്ച് നിൽക്കേണ്ടത് അത്യാവശ്യമാണെന്നും അഫ്‌ഗാൻ സർക്കാർ പുറത്തിറക്കിയ പ്രസ്‌താവനയിൽ പറയുന്നുണ്ട്.
മെയ് 1ന് അമേരിക്കൻ സൈന്യത്തെ രാജ്യത്ത് നിന്ന് പിൻവലിക്കാൻ തുടങ്ങിയതിന് ശേഷം അഫ്‌ഗാനിസ്ഥാനിൽ നിരവധി ഭീകരാക്രമണങ്ങളാണ് റിപ്പോർട്ട് ചെയ്‌തത്. മുന്നൂറിലധികം പേരെ താലിബാൻ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും അവരെ അജ്ഞാത കേന്ദ്രങ്ങളിൽ പാർപ്പിച്ചിരിക്കുകയാണെന്നും നേരത്തെ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തിരുന്നു.
Also Read: മഹാരാഷ്ട്ര വെള്ളപ്പൊക്കം: മരിച്ചവര്‍ക്ക് അനുശോചനം രേഖപ്പെടുത്തി അഫ്ഗാനിസ്ഥാന്‍