കാബൂൾ : അഫ്‌ഗാനിസ്ഥാനിൽ താലിബാന്‍ ഭരണം. സര്‍ക്കാരും താലിബാനും തമ്മിലുള്ള അധികാര കൈമാറ്റ ചര്‍ച്ചകൾക്ക് ശേഷം അഷ്‌റഫ് ഗാനി പ്രസിഡന്‍റ് പദവിയൊഴിഞ്ഞു. പുതിയ പ്രസിഡന്‍റായി മുല്ല അബ്‌ദുൽ ഗാനി ബരാദറെ താലിബാൻ പ്രഖ്യാപിച്ചു.
അഫ്‌ഗാൻ സേനയുമായി ഒരു മാസം തുടര്‍ച്ചയായി നടത്തിയ ഏറ്റുമുട്ടലുകൾക്കൊടുവിലാണ് ഞായറാഴ്‌ച താലിബാൻ കാബൂളിൽ പ്രവേശിച്ചത്. തുടര്‍ന്ന് തന്ത്രപ്രധാന കേന്ദ്രം വരുതിയിലാക്കി. ഇതോടെയാണ് അധികാര കൈമാറ്റത്തിന് കളമൊരുങ്ങിയത്.
അഫ്‌ഗാന്‍ പ്രസിഡൻഷ്യൽ പാലസ് എആർജിയിലാണ് അധികാര കൈമാറ്റ യോഗം നടന്നത്. രാജ്യത്ത് രാഷ്‌ട്രീയ ഒത്തുതീർപ്പിന് ശ്രമിക്കണമെന്ന് യുഎസ് പ്രസിഡന്‍റ് ജോ ബൈഡൻ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.
പല പ്രദേശങ്ങളിലും ഏറ്റുമുട്ടലിന് നിൽക്കാതെ അഫ്‌ഗാൻ സൈന്യം പിന്മാറുകയായിരുന്നു.
കാബൂൾ പിടിച്ച് താലിബാൻ
നാല് ഭാഗത്തുനിന്നും ഒരേ സമയം നഗരത്തിലേക്ക് പ്രവേശിച്ചാണ് താലിബാന്‍ കാബൂള്‍ പിടിച്ചെടുത്തത്. തുടര്‍ന്ന് വിമാനത്താവളത്തിലേക്കുള്ള പ്രധാന പാതകള്‍ അടയ്ക്കുകയും ചെയ്‌തു. യു.എസ് സേനയുടെ പിന്മാറ്റം ഈ വര്‍ഷം സെപ്റ്റംബറോടെ പൂര്‍ത്തീകരിക്കാനിരിക്കെയാണ് താലിബാന്‍റെ മുന്നേറ്റം.
താലിബാൻ തന്ത്രപ്രധാന പ്രദേശങ്ങള്‍ പിടിച്ചെടുക്കാന്‍ തുടങ്ങിയതോടെ ബാക്കിയുള്ള സൈനികരേയും എംബസി ജീവനക്കാരേയും മാറ്റുന്നതിനുള്ള നടപടി അമേരിക്ക ആരംഭിച്ചിരുന്നു.
READ MORE: താലിബാൻ കാബൂളില്‍ പ്രവേശിച്ചു; അഫ്ഗാൻ വിമത സേനയുടെ നിയന്ത്രണത്തിലേക്ക്