കാബൂൾ : അഫ്‌ഗാനില്‍ താലിബാൻ പിടിമുറുക്കുമ്പോൾ കലാകാരര്‍ കടുത്ത ആശങ്കയില്‍. അരക്ഷിതാവസ്ഥയുടെ സാഹചര്യത്തില്‍ ഇവര്‍ പലായനത്തിന് നിർബന്ധിതരാവുകയാണ്. തങ്ങളുടെ ഓഫിസുകൾ അടച്ചുപൂട്ടുകയാണ് സംഗീതരംഗത്തുള്ളവര്‍. നിലവിലെ സാഹചര്യത്തിൽ നിരവധി സംഗീത പരിപാടികളാണ് റദ്ദാക്കേണ്ടി വന്നത്. മുൻകൂട്ടി ബുക്ക് ചെയ്ത പരിപാടികൾ ഒഴിവാക്കേണ്ടിവന്നതുമൂലം ഇവര്‍ക്ക് വലിയ സാമ്പത്തിക നഷ്ടവുമുണ്ടായി.
യുഎസ് സൈന്യത്തിന്‍റെ പിന്മാറ്റത്തെ തുടർന്ന് കഴിഞ്ഞ മാസമാണ് താലിബാന്‍ അഫ്‌ഗാനിസ്ഥാന്‍ പിടിച്ചടക്കിത്. ഓഗസ്റ്റ് 15ന് തലസ്ഥാനമായ കാബൂളും പിടിച്ചതോടെ അഫ്‌ഗാന്‍റെ പൂര്‍ണ നിയന്ത്രണം താലിബാന് കീഴിലായി.
സെപ്റ്റംബർ 6ന് പഞ്ച്ഷീർ താഴ്‌വരയെയും കീഴടക്കിയതായി താലിബാൻ അവകാശവാദം ഉന്നയിച്ചിരുന്നു. 20 വർഷങ്ങൾക്ക് മുൻപ് ചെയ്തതുപോലെ സംഗീതം നിരോധിക്കപ്പെടുമോ എന്ന ഭയത്തിലാണ് കലാകാരന്മാർ. സംഗീതജ്ഞർ അവരുടെ ഉപകരണങ്ങൾ വീടുകളിലേക്ക് മാറ്റി ഭദ്രമാക്കിയിരിക്കുകയാണ്.
ജീവരക്ഷാര്‍ഥം നിരവധി പേരാണ് പാകിസ്ഥാനിലേക്ക് പോയത്. പുരുഷന്മാരെ മാത്രം ഉൾപ്പെടുത്തിക്കൊണ്ടാണ് താലിബാൻ അഫ്‌ഗാനിൽ സർക്കാർ രൂപീകരിച്ചത്. ഇത് രാജ്യത്തിന്‍റെ ഭാവിക്ക് നല്ല സന്ദേശമല്ല നൽകുന്നതെന്നാണ് വിലയിരുത്തല്‍. വനിതകള്‍ക്ക് ഒട്ടും പരിഗണന കിട്ടുന്ന സാഹചര്യമല്ല വരാന്‍പോകുന്നതെന്ന് കരുതപ്പെടുന്നു.