കാബൂള്‍: അഫ്‌ഗാനിസ്ഥാനില്‍ താലിബാന്‍ ഭരണം പിടിച്ചെടുത്തതിന് പിന്നാലെ വനിത മാധ്യമപ്രവര്‍ത്തകര്‍ക്ക് വിലക്ക്. ശരിയത്ത് നിയമങ്ങള്‍ക്ക് അനുസരിച്ച് സ്ത്രീകളെ തൊഴില്‍ ചെയ്യാന്‍ അനുവദിക്കുമെന്ന് താലിബാന്‍ ഉറപ്പ് നല്‍കിയിരുന്നെങ്കിലും മാധ്യമ പ്രവര്‍ത്തകര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. അഫ്‌ഗാന്‍ വാര്‍ത്ത ചാനലായ ടോളോ ന്യൂസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്‌തത്.
സര്‍ക്കാര്‍ സ്ഥാപനമായ റേഡിയോ ടെലിവിഷന്‍ അഫ്‌ഗാനിസ്ഥാന്‍റെ (ആര്‍ടിഎ) അവതാരകര്‍ ഉള്‍പ്പെടെയുള്ള വനിത മാധ്യമപ്രവര്‍ത്തകര്‍ക്കാണ് വിലക്ക്. തൊഴില്‍ ചെയ്യാനുള്ള സ്‌ത്രീകളുടെ അവകാശത്തെ താലിബാന്‍ ബഹുമാനിക്കണമെന്ന് വനിത മാധ്യമപ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടതായി ടോളോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
'ജോലി ചെയ്യാന്‍ അനുവദിക്കുന്നില്ല'
ഓഫിസില്‍ പ്രവേശിക്കാന്‍ താലിബാന്‍ അനുവദിച്ചിട്ടില്ലെന്ന് റേഡിയോ ടെലിവിഷന്‍ അഫ്‌ഗാനിസ്ഥാന്‍റെ പ്രമുഖ അവതാരിക ശബ്‌നം ദാവ്റാൻ പറയുന്നു. 'ജോലിയില്‍ തിരികെ പ്രവേശിക്കണമെന്നാണ് എന്‍റെ ആഗ്രഹം, നിര്‍ഭാഗ്യവശാല്‍ ജോലി ചെയ്യാന്‍ അവര്‍ അനുവദിക്കുന്നില്ല. ഭരണം മാറിയെന്നും ജോലി ചെയ്യാന്‍ സാധിക്കില്ലെന്നും അവര്‍ പറയുന്നു, ശബ്‌നം ദാവ്റാൻ പറഞ്ഞു.
മറ്റൊരു മാധ്യമപ്രവര്‍ത്തകയായ ഖദീജയും സമാന അനുഭവം പങ്കുവച്ചു. 'ഓഫിസിനുള്ളില്‍ പ്രവേശിയ്ക്കാന്‍ എന്നെ അനുവദിച്ചില്ല. മറ്റ് സഹപ്രവര്‍ത്തകര്‍ക്കും വിലക്കുണ്ടായിരുന്നു. താലിബാന്‍ പുതുതായി നിയമിച്ച ഡയറക്‌ടറോട് ഞങ്ങള്‍ സംസാരിച്ചു. ഞങ്ങളുടെ ജോലി സംബന്ധിച്ച് ഉടന്‍ തീരുമാനം ഉണ്ടാകുമെന്നാണ് താലിബാന്‍ അറിയിച്ചത്,' ഖദീജ പറഞ്ഞു.
'പ്രോഗ്രാമുകളില്‍ മാറ്റം വന്നു, അവര്‍ക്കിഷ്ടമുള്ള പ്രോഗ്രാമുകളാണ് ബ്രോഡ്‌കാസ്റ്റ് ചെയ്യുന്നത്. വനിത അവതാരകരോ വനിത മാധ്യമപ്രവര്‍ത്തകരോ പ്രോഗ്രാമുകളില്‍ ഇല്ല, ' ഖദീജ കൂട്ടിച്ചേര്‍ത്തു.
താലിബാന്‍റെ വ്യാജ ഉറപ്പ്
ഇസ്ലാമിക നിയമം അനുസരിച്ച് സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കുമെന്ന് അഫ്‌ഗാന്‍ പിടിച്ചടക്കിയതിന് ശേഷമുള്ള ആദ്യ വാര്‍ത്ത സമ്മേളനത്തില്‍ താലിബാന്‍ വ്യക്തമാക്കിയിരുന്നു. ആരോഗ്യ രംഗത്തും സ്ത്രീകള്‍ ആവശ്യമുള്ള മറ്റ് മേഖലകളിലും സ്ത്രീകള്‍ക്ക് തൊഴില്‍ ചെയ്യാമെന്നും സ്ത്രീകള്‍ക്കെതിരെ വിവേചനമുണ്ടാകില്ലെന്നുമായിരുന്നു താലിബാന്‍ വക്‌താവ് സബിഹുള്ള മുജാഹിദ് വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞത്.
അതേസമയം, അഫ്‌ഗാന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കായി പൊതുമാപ്പ് പ്രഖ്യാപിച്ച താലിബാന്‍ ജോലിയില്‍ തിരികെ പ്രവേശിയ്ക്കണമെന്നും ഉദ്യോഗസ്ഥരോട് അഭ്യര്‍ഥിച്ചിരുന്നു. എന്നാല്‍ താലിബാനെ ഭയന്ന് മിക്ക ഉദ്യോഗസ്ഥരും ഒളിവില്‍ കഴിയുകയാണ്.
Also read: പൊതുമാപ്പ് പ്രഖ്യാപിച്ച് താലിബാൻ, സ്ത്രീകൾക്ക് സർക്കാരിൽ ചേരാം