കാബൂള്‍: അഫ്‌ഗാനില്‍ സ്ഫോടനങ്ങളിലും സായുധ ആക്രമണങ്ങളിലും മാത്രം ഒക്‌ടോബര്‍ 23നും 27നും ഇടയില്‍ കൊല്ലപ്പെട്ടത് 58 പേർ. നാല് പ്രവിശ്യകളിലായി നടന്ന ആക്രമണങ്ങളില്‍ 143 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തു. ടോളോ ന്യൂസ് നടത്തിയ സര്‍വെയില്‍ കാബൂള്‍, ഗസാനി, ഖോസ്റ്റ്, സാബൂള്‍ പ്രവിശ്യയിലാണ് ഇത്രയധികം സാധാരണക്കാരായ ആളുകള്‍ കൊല്ലപ്പെട്ടത്. ശനിയാഴ്‌ച കാബൂളിലെ വിദ്യാഭ്യാസ സ്ഥാപനത്തില്‍ നടന്ന ആക്രമണത്തില്‍ മുപ്പതിലധികം പേരാണ് കൊല്ലപ്പെട്ടത്. മരിച്ചവരില്‍ ഭൂരിഭാഗവും വിദ്യാര്‍ഥികളാണ്. 77 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തു. ചൊവ്വാഴ്‌ച ഖോസ്റ്റ് പ്രവിശ്യയില്‍ സ്ഫോടക വസ്തുക്കള്‍ നിറച്ച മൂന്ന് വാഹനങ്ങളിലായി എത്തിയ 7 അക്രമികള്‍ നടത്തിയ സ്ഫോടനത്തില്‍ 5 പേര്‍ കൊല്ലപ്പെടുകയും 33 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തു. അതേ ദിവസം തന്നെ കാബൂളില്‍ നടന്ന സ്ഫോടനത്തില്‍ 5 പേര്‍ കൊല്ലപ്പെടുകയും 13 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തു.
വെള്ളിയാഴ്‌ച കാബൂളില്‍ നടന്ന ഇരട്ട സ്ഫോടനങ്ങളിലായി 8 പേര്‍ കൊല്ലപ്പെട്ടെന്ന് ഗവര്‍ണറുടെ ഓഫീസ് വ്യക്തമാക്കി. ഗസാനി പ്രവിശ്യയില്‍ നടന്ന സമാനമായ സ്ഫോടനത്തില്‍ 10 പേര്‍ കൊല്ലപ്പെട്ടതായും കഴിഞ്ഞ നാല് ദിവസത്തിനിടെ 30 കുട്ടികള്‍ രാജ്യത്ത് നടന്ന തീവ്രവാദ ആക്രമണങ്ങളില്‍ മരിച്ചതായും സര്‍വെയില്‍ പറഞ്ഞു. അഫ്‌ഗാന്‍ ഇന്‍ഡിപെന്‍റന്‍റ് ഹ്യൂമന്‍ റൈറ്റ്സ് അസോസിയേഷന്‍റെ കണക്ക് പ്രകാരമാണിത്. രാജ്യത്ത് വെടിനിര്‍ത്തല്‍ അത്യാവശ്യമാണെന്നും അഫ്‌ഗാന്‍ ജനതയുടെ അവകാശങ്ങളുടെ മേലുള്ള ലംഘനം ഇനിയെങ്കിലും നിര്‍ത്തണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ വക്താവ് സാബിഹുള്ള ഫർഹാംഗ് ആവശ്യപ്പെട്ടു.
കഴിഞ്ഞ ഒമ്പത് മാസത്തെ സ്വദേശികളുടെ മരണനിരക്ക് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 30 ശതമാനം കുറവുണ്ടെന്ന് അഫ്‌ഗാനിലെ യുഎന്‍ മിഷന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നു. എങ്കിലും സാധാരണക്കാര്‍ക്ക് നേരെയുള്ള ആക്രമണം അതിര് കടന്നതും ഞെട്ടിക്കുന്നതുമാണെന്ന് യുഎന്‍ മിഷന്‍ വ്യക്തമാക്കി. 2020ലെ ആദ്യ ഒമ്പത് മാസത്തിനിടെ താലിബാന്‍ ആക്രമണങ്ങളില്‍ 6 ശതമാനം വര്‍ധനവുണ്ടായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.