ബെയ്‌ജിങ്: ചൈനയിലെ ഹെബി പ്രവിശ്യയിലെ ടാങ്‌ഷാൻ നഗരത്തിൽ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായി. ബെയ്‌ജിങിലും വടക്കൻ ചൈനയിലെ മറ്റ് പല നഗരങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. ബെയ്‌ജിങ് സമയം രാവിലെ 6:38നാണ് ഭൂചലനം ഉണ്ടായതെന്ന് ചൈന ഭൂകമ്പ നെറ്റ്‌വർക്ക് സെന്‍റര്‍ അറിയിച്ചു. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ല. 2.2 തീവ്രതയില്‍ രാവിലെ 7:02നും 7:26നും ഭൂചലനം അനുഭവപ്പെട്ടിരുന്നു. പ്രദേശത്ത് അടിയന്തര പ്രതികരണ പ്രവർത്തനങ്ങൾ കൃത്യമായ രീതിയിലാണ് നടക്കുന്നതെന്ന് സർക്കാർ അറിയിച്ചു.
പ്രവിശ്യയില്‍ ലെവൽ മൂന്ന് അടിയന്തര പ്രതികരണ പ്രവര്‍ത്തനങ്ങൾ ആരംഭിച്ചു. ദുരന്ത നിവാരണ സേനാംഗങ്ങളെ ജില്ലയിലേക്ക് അയച്ചിട്ടുണ്ട്. പ്രദേശത്തുകൂടി കടന്നുപോകുന്ന പാസഞ്ചർ ട്രെയിനുകൾ താൽക്കാലികമായി നിർത്തിവയ്ക്കാനുള്ള അടിയന്തര പദ്ധതി റെയിൽവേ വകുപ്പ് ആരംഭിച്ചു. 1976ല്‍ ടാങ്‌ഷാനില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ 2,40,000ത്തിലധികം ആളുകൾ കൊല്ലപ്പെട്ടിരുന്നു.