മോസ്കോ: കൊവിഡിനെതിരെ റഷ്യ വികസിപ്പിച്ചെടുത്ത സ്‌പുട്‌നിക് വാക്‌സിന്‍റെ മൂന്നാം ഘട്ട പരീക്ഷണം പത്ത് ദിവസത്തിനുള്ളിൽ ആരംഭിക്കുമെന്ന് റിപ്പോർട്ട്. റഷ്യൻ ആരോഗ്യ മന്ത്രാലയത്തിന്‍റെ കീഴിൽ മോസ്‌കോയിലെ ഗമാലിയ ഇന്‍സ്റ്റിറ്റ്യൂട്ട് വികസിപ്പിച്ചെടുത്ത കൊവിഡ് വാക്‌സിന്‍റെ മൂന്നാം ഘട്ട പരീക്ഷണത്തിന് 10,000ത്തിൽ പരം ആളുകൾ പങ്കെടുക്കുമെന്ന് ടാസ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്‌തു.
പോസ്റ്റ്- രജിസ്ട്രേഷൻ ഗവേഷണത്തെക്കുറിച്ചുള്ള പ്രോട്ടോക്കോളിന്‍റെ ആദ്യ പതിപ്പ് നാളെ അവതരിപ്പിക്കുമെന്ന് ഗമാലിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടർ അലക്‌സാണ്ടർ ജിൻസ്ബർഗ് അറിയിച്ചു. ആരോഗ്യ മന്ത്രാലയം പ്രക്രിയ വൈകിക്കില്ലെന്നും ഒരാഴ്‌ചക്കുള്ളിൽ തന്നെ അനുമതി ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൊവിഡിനെതിരായ സ്‌പുട്‌നിക് വാക്‌സിന്‍റെ ആദ്യ ബാച്ച് ഉൽപാദനം ആരംഭിച്ചതായി ആരോഗ്യ മന്ത്രാലയം ഇന്നലെ പുറത്തിറക്കിയ പ്രസ്‌താവനയിൽ പറഞ്ഞിരുന്നു.
അതേ സമയം റഷ്യയിൽ ഇതുവരെ 9,17,884 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 15,617 പേർ കൊവിഡ് ബാധിച്ച് മരിച്ചെന്നും 7,29,411 പേർ രോഗമുക്തി നേടിയെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.