ഇസ്ലാമാബാദ്: ഉത്തേജക പരിശോധനയിൽ പരാജയപ്പെട്ട മൂന്ന് പാകിസ്ഥാൻ കായിക താരങ്ങൾ വിലക്ക് നേരിടാൻ സാധ്യത. 2019 ലെ സാഫ് ഗെയിംസിൽ സ്വർണ മെഡലുകൾ നേടിയ മുഹമ്മദ് നയീം (110 മീറ്റർ ഹർഡിൽസ്), മെഹബൂബ് അലി (400 മീറ്റർ), വെങ്കല മെഡൽ ജേതാവ് സമി ഉല്ലാ (100 മീറ്റർ) എന്നിവർക്കാണ് നാല് വർഷം വരെ വിലക്ക് ലഭിക്കാൻ സാധ്യതയുള്ളത്. വാഡ (വേൾഡ് ആന്‍റി ഡോപിങ് ഏജൻസി) നിയമപ്രകാരം ഇവർക്കെതിരെ ഉചിതമായ നടപടിക്രമങ്ങൾ സ്വീകരിക്കും.
പരിശോധനയിൽ കായിക താരങ്ങളുടെ സാമ്പിളുകളിൽ നിന്ന് നിരോധിത വസ്‌തുക്കൾ കണ്ടെത്തി. അത്ലറ്റുകൾക്ക് തെറ്റ് തിരുത്താനുള്ള അവസരം നൽകുമെന്നും മറിച്ചായാൽ നാല് വർഷം വരെ വിലക്ക് നേരിടേണ്ടി വരുമെന്നും പാകിസ്ഥാൻ അത്‌ലറ്റിക്‌സ് ഫെഡറേഷൻ അറിയിച്ചു. കാഠ്‌മണ്ഡുവിൽ വെച്ചാണ് ദക്ഷിണേഷ്യൻ ഗെയിംസ് 2019 നടന്നത്. മത്സരങ്ങളിൽ 32 സ്വർണവും, 41 വെള്ളിയും, 59 വെങ്കലവും പാകിസ്ഥാൻ നേടി.