ബീജിങ്ങ്: വുഹാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലുള്ള മൂന്ന് തരം കൊറോണ വൈറസുകൾക്കും കൊവിഡിന് കാരണമാകുന്ന സാഴ്സ് കോവ് 2 എന്ന വൈറസുമായി ബന്ധമില്ലെന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ വാങ് യാനി. ശനിയാഴ്ച രാത്രി സംപ്രേഷണം ചെയ്ത സ്റ്റേറ്റ് ബ്രോഡ്കാസ്റ്റർ സിജിടിഎന് നൽകിയ അഭിമുഖത്തിലാണ് വാങ് യാനി ഇക്കാര്യം വ്യക്തമാക്കിയത്. സാഴ്സ് കോവ് 2 തന്‍റെ സ്ഥാപനത്തിൽ നിന്ന് ചോർന്നതാണെന്നുള്ള ആരോപണം വാങ് യാനി നിരസിച്ചു. ഇത്തരം ആരോപണങ്ങൾ കെട്ടിച്ചമച്ചതാണെന്നും ഇതിൽ സത്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2019 ഡിസംബറിൽ വുഹാനിൽ പൊട്ടിപ്പുറപ്പെട്ട കൊവിഡ് ലോകത്താകമാനം വ്യാപിച്ചതിന് ശേഷം വൈറോളി ഇൻസ്റ്റിറ്റ്യൂട്ടുമായി ബന്ധപ്പെട്ട് നിരവധി ആരോപണങ്ങൾ ഉണ്ടായിരുന്നു. പിന്നീട് അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപും സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയും ഇത് ആവർത്തിച്ചു. എന്നാൽ, ഗവേഷകരുടെ അഭിപ്രായത്തിൽ വൈറസിന്‍റെ ഉത്ഭവം വന്യമൃഗങ്ങളിൽ നിന്നാണെന്ന് വാങ് ഊന്നിപ്പറഞ്ഞു.