ധാക്ക: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബംഗ്ലാദേശ് സന്ദര്‍ശനത്തോടനുബന്ധിച്ച് നടന്ന ലഹളയില്‍ 26 പൊലീസ് ഉദ്യോഗസ്ഥര്‍ക്കും നിരവധി പ്രതിഷേധക്കാര്‍ക്കും പരിക്കേറ്റു. തീവ്ര ഇസ്ലാമിക സംഘമായ ഹെഫാസത്ത് ഇ ഇസ്ലാമിന്‍റെ പ്രവർത്തകരാണ് ആക്രമണങ്ങള്‍ നടത്തിയത്. ഫരീദ്‌പൂർ ജില്ലയിലെ പോലീസ് സ്റ്റേഷനിൽ നടന്ന ആക്രമണത്തില്‍ ആറ് പൊലീസുകാര്‍ക്ക് പരിക്കേറ്റിറ്റുണ്ട്.
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ബംഗ്ലാദേശില്‍ എത്തിയതോടെ രാജ്യത്ത് കലാപങ്ങള്‍ ആരംഭിച്ചിരുന്നു. ബംഗ്ലാദേശ് സ്വാതന്ത്ര്യത്തിന്‍റെ സുവര്‍ണജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനെത്തിയതാണ് മോദി. ധാക്കയിലെ പ്രധാന പള്ളിക്ക് മുന്നിൽ തടിച്ചു കൂടിയ പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പൊലീസ് കണ്ണീര്‍ വാതകവും റബര്‍ ബുള്ളറ്റും ഉപയോഗിച്ചതോടെ നിരവധി പേര്‍ക്ക് പരിക്കേറ്റു.
വെള്ളിയാഴ്ച ഉച്ചകഴിഞ്ഞുള്ള പ്രാർഥനക്ക് ശേഷം ജെഎംബിയിലെ ഹെഫാസത്ത് തീവ്രവാദികളുടെ നേതൃത്വത്തിൽ ആയിരക്കണക്കിന് ഇസ്ലാമിസ്റ്റുകള്‍ ധാക്ക, ചട്ടോഗ്രാം, ബ്രഹ്മൻബേറിയ തുടങ്ങിയ സ്ഥലങ്ങളിൽ പ്രകടനം നടത്തി. തുടര്‍ന്ന് പൊലീസും സമരക്കാരും തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ നിരവധിപേര്‍ക്ക് പരിക്കേറ്റു. ഫരീദ്‌പൂർ ജില്ലയിലെ ഭംഗയിൽ പൊലീസ് സ്റ്റേഷന്‍റെ പ്രധാന ഗേറ്റും രണ്ട് പൊലീസ് മോട്ടോർ സൈക്കിളുകളും സമരക്കാര്‍ നശിപ്പിച്ചു.
സമരക്കാര്‍ക്കെതിരായ നടപടികളില്‍ പ്രതിഷേധിച്ച് ഞായറാഴ്ച നടക്കുന്ന ഹർത്താൽ തടസ്സപ്പെടുത്താൻ സർക്കാർ ശ്രമിച്ചാൽ ശക്തമായ പ്രതിഷേധങ്ങള്‍ ഇനിയും ഉണ്ടാകുമെന്ന് ഹെഫസാത്തിലെ തീവ്രവാദ നേതാക്കൾ മുന്നറിയിപ്പ് നൽകി. ആക്രമങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം സര്‍ക്കാരിനായിരിക്കുമെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു.