ജക്കാര്‍ത്ത:ഇന്തോനേഷ്യയില്‍ ബസ് മലയിടുക്കിലിടിച്ച് നദിയിലേക്ക് മറിഞ്ഞ് 25 പേര്‍ മരിച്ചു. സുമാത്ര ദ്വീപില്‍ നിന്ന് പാലെംബാങ്ങിലേക്കുള്ള യാത്രാ ബസാണ് മറിഞ്ഞത്. ബ്രേക്ക് പൊട്ടി നിയന്ത്രണം നഷ്ടപ്പെട്ടതാണ് ബസ് മറിയാൻ കാരണമെന്നാണ് വിവരം. 14 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഒരാളുടെ നില അതീവ ഗുരുതരമാണ്. ദക്ഷിണ സുമാത്ര പ്രവിശ്യയിലെ പഗരളം ജില്ലയിൽ തിങ്കളാഴ്ച രാത്രിയാണ് അപകടമുണ്ടായത്.
മലയിലിടിച്ച ബസ് 80 മീറ്റർ താഴ്ചയുള്ള നദിയിലേക്ക് മറിയുകയായിരുന്നു.കൊടും വളവുകളുള്ള പ്രദേശം അപകട സാധ്യതാ മേഖലയായാണ് കണക്കാക്കുന്നത്. കൊല്ലപ്പെട്ടവരില്‍ ബസ് ഡ്രൈവറും ബസ് ജീവനക്കാരും ഉള്‍പ്പെടുന്നു. ഒഴുക്ക് കൂടുതലുള്ള പ്രദേശമായതിനാല്‍ രക്ഷാ പ്രവര്‍ത്തനം ദുഷ്കരമാണെന്നാണ് വിവരം. 52 പേര്‍ക്ക് സഞ്ചരിക്കാവുന്ന ബസിലുണ്ടായിരുന്ന യാത്രക്കാരുടെ എണ്ണവും വ്യക്തമായിട്ടില്ല. ദേശീയ സുരക്ഷാ സേനയുടെ നേതൃത്വത്തില്‍ രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുകയാണെന്ന് വാര്‍ത്താ ഏജൻസികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ബസിന്‍റെ ബ്രേക്ക് കേടായിരുന്നുവെന്ന് രക്ഷപ്പെട്ട യാത്രക്കാര്‍ പറയുന്നു. അപകടത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനാലും അടിസ്ഥാന സൗകര്യങ്ങളുടെ പരിമിതികളും കാരണം ഇന്തോനേഷ്യയിൽ റോഡപകടങ്ങൾ സാധാരണമാണ്. കഴിഞ്ഞ വര്‍ഷം പശ്ചിമ ജാവ പ്രവിശ്യയിലെ ഒരു കുന്നിൽ ടൂറിസ്റ്റ് ബസ് ഇടിച്ച് 27 പേർ മരിച്ചിരുന്നു. രണ്ട് മാസങ്ങള്‍ക്ക് ശേഷം, വെസ്റ്റ് ജാവയുടെ മലയോര റിസോർട്ട് മേഖലയായ പുങ്കാക്കിലും സമാന അപകടത്തില്‍ 15 പേർ മരിച്ചു. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ പശ്ചിമ ജാവയിലെ മറ്റൊരു മലയോര പ്രദേശമായ ബൊഗോറിൽ ടൂറിസ്റ്റ് ബസ് മലയിടുക്കിലിടിച്ച് 25 പേര്‍ മരിച്ചിരുന്നു.