ഇസ്ലാമാബാദ്: പാകിസ്ഥാനിലെ പഞ്ചാബ് പ്രവശ്യയില്‍ ക്ഷേത്രം ആക്രമിച്ച സംഭവത്തില്‍ 20 പേര്‍ അറസ്റ്റില്‍. അക്രമം തടയുന്നതില്‍ അധികൃതര്‍ക്ക് വീഴ്‌ച സംഭവിച്ചുവെന്ന സുപ്രീംകോടതിയുടെ വിമര്‍ശനത്തിന് പിന്നാലെയാണ് നടപടി. സംഭവവുമായി ബന്ധപ്പെട്ട് 150 പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.
വീഡിയോ ഫൂട്ടേജുകളിലൂടെ മറ്റ് പ്രതികളെ കണ്ടെത്താന്‍ ശ്രമിക്കുകയാണെന്നും വരും ദിവസങ്ങളില്‍ കൂടുതല്‍ പേരെ അറസ്റ്റ് ചെയ്യണമെന്നും പൊലീസ് വ്യക്തമാക്കി. ഭീകരവാദവും മറ്റ് ക്രിമിനല്‍ കുറ്റങ്ങളും ചുമത്തി 150 പേര്‍ക്കെതിരെ എഫ്ഐആര്‍ ചുമത്തിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.
Also read: സംഘര്‍ഷം രൂക്ഷം; ലെബനൻ മിസൈലുകള്‍ വര്‍ഷിച്ചുവെന്ന് ഇസ്രായേല്‍
റഹിംയാര്‍ ഖാന്‍ ജില്ലയിലെ ഭോംഗ് മേഖലയിലെ ക്ഷേത്രത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തില്‍ വിഗ്രഹങ്ങള്‍ തകരുകയും ക്ഷേത്രത്തിന്‍റെ ചില ഭാഗങ്ങള്‍ കത്തി നശിക്കുകയും ചെയ്‌തിരുന്നു.
ആക്രമണത്തില്‍ പൊലീസ് നോക്കുകുത്തികളായി നിന്നെന്നും സംഭവം രാജ്യത്തിന് നാണക്കേടുണ്ടാക്കിയെന്നും സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഗുല്‍സാര്‍ അഹമദ് വെള്ളിയാഴ്‌ച വിമര്‍ശിച്ചിരുന്നു. കുറ്റവാളികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. സംഭവത്തില്‍ പാകിസ്ഥാന്‍ പാര്‍ലമെന്‍റും അപലപിച്ചിരുന്നു.
ന്യൂഡല്‍ഹിയിലെ പാക് നയതന്ത്ര പ്രതിനിധിയെ വിളിപ്പിച്ച് പ്രതിഷേധം അറിയിച്ച ഇന്ത്യ മതന്യൂനപക്ഷങ്ങള്‍ക്ക് നേരെയും ആരാധനാലയങ്ങള്‍ക്ക് നേരയുമുണ്ടാകുന്ന അതിക്രമങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു.