ഇസ്ലാമാബാദ് : 20 ഡോക്‌ടർമാർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ പാകിസ്ഥാനിലെ പഞ്ചാബ് പ്രൊവിൻസിലെ കൊവിഡ് ബാധിച്ച മെഡിക്കൽ ഉദ്യോഗസ്ഥരുടെ എണ്ണം 50 ആയി. അതേ സമയം രാജ്യത്ത് 100ൽ അധികം മെഡിക്കൽ ഉദ്യോഗസ്ഥർക്കാണ് രോഗം സ്ഥിരീകരിച്ചതെന്നും എന്നാൽ സർക്കാർ ആവശ്യമായ സംരക്ഷണ ഉപകരണങ്ങൾ മെഡിക്കൽ ഉദ്യോഗസ്ഥർക്ക് എത്തിക്കുന്നില്ലെന്നും പാകിസ്ഥാൻ മെഡിക്കൽ അസോസിയേഷൻ പറഞ്ഞു.
160ഓളം ഡോക്‌ടർമാരും നഴ്‌സുമാരുമാണ് ക്വാറന്‍റൈനിൽ കഴിയുന്നതെന്നും രോഗികളുമായി നേരിട്ട് ബന്ധപ്പെടുന്നതാണ് രോഗത്തിന് കാരണമാകുന്നതെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു. അതേ സമയം ആവശ്യമായ മെഡിക്കൽ വ്യക്തിഗത സംരക്ഷണ ഉപകരണങ്ങൾ നൽകിയില്ലെങ്കിൽ സമരം ചെയ്യേണ്ടി വരുമെന്ന് പാകിസ്ഥാൻ മെഡിക്കൽ അസോസിയേഷൻ പ്രസിഡന്‍റ് ഡോ. മസൂദൂർ റൗഫ് ഹരാജ് പറഞ്ഞു. ഇന്ന് 334 കേസുകൾ കൂടി സ്ഥിരീകരിച്ചതോടെ പാകിസ്ഥാനിലെ കൊവിഡ് കേസുകൾ 5374 ആയി. 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് ഏഴ് പേരാണ് മരിച്ചത്. ഇതോടെ കൊവിഡ് മരണസംഖ്യ 93 ആയി.