വെല്ലിങ്ടൺ: ന്യൂസിലന്‍റ് കൊവിഡ് മുക്ത രാജ്യമായതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ന്യൂസിലന്‍റിലെ അവസാന കൊവിഡ് രോഗിയും തിങ്കളാഴ്ച സുഖം പ്രാപിച്ചു. അവസാനത്തെ കേസ് റിപ്പോർട്ട് ചെയ്തത് 17 ദിവസം മുമ്പാണ്. ഇതേതുടർന്ന് 40,000 പേരെ കൂടി പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. ന്യൂസിലന്‍റ് വൈറസിനെതിരെ പോരാടി വിജയിക്കുമെന്ന് തനിക്ക് ഉറപ്പുണ്ടായിരുന്നെന്ന് പ്രധാനമന്ത്രി ജസീന്ദ ആർഡെർൻ പറഞ്ഞു.
മറ്റ് സ്ഥലങ്ങളിൽ നിന്നുള്ള ആളുകൾ രാജ്യത്ത് എത്തിയാൽ വീണ്ടും കൂടുതൽ കേസുകൾ ഉണ്ടാവാൻ സാധ്യതയുണ്ട്. അതുകൊണ്ട് അതിർത്തി പ്രദേശങ്ങൾ അടച്ചിരിക്കുകയാണ്. അതേസമയം, രാജ്യത്ത് എത്തുന്ന എല്ലാവരും ക്വാറന്‍റൈനിൽ കഴിയണം. അതിർത്തിയിലെ കർശന വ്യവസ്ഥകൾ ഒഴികെ ബാക്കി എല്ലാ നിയന്ത്രണങ്ങളും നീക്കംചെയ്യാൻ മന്ത്രിസഭ സമ്മതിച്ചതായി ആർഡെർൻ അറിയിച്ചു.
വൈറസ് വ്യാപനത്തിന്‍റെ തുടക്കത്തിൽ തന്നെ കർശനമായ ലോക്ക്ഡൗൺ ഏർപ്പെടുത്തിയത് വൈറസ് പ്രതിരോധത്തിൽ നിർണായകമായെന്നും ആർഡെർൻ പറഞ്ഞു. കൊവിഡ് വ്യാപനത്തെ തുടർന്ന് ആയിരക്കണക്കിന് ആളുകൾക്ക് ജോലി നഷ്ടപ്പെട്ടു. സമ്പദ്‌വ്യവസ്ഥയുടെ 10% വരുന്ന ടൂറിസം വ്യവസായം താറുമാറായതായും പ്രധാനമന്ത്രി അറിയിച്ചു.