ന്യൂഡല്‍ഹി: സൈനിക തലവന്‍ ഖാസിം സുലൈമാനിയുടെ വധത്തിന് പിന്നാലെ ഇറാഖിലെ അമേരിക്കന്‍ വ്യോമത്താവളത്തിലേക്ക് ഇറാന്‍ മിസൈല്‍ ആക്രമണം നടത്തിയ സാഹചര്യത്തില്‍ താവളത്തില്‍ ഒരുക്കിയിരുന്ന അമേരിക്കന്‍ വ്യോമാക്രമണ പ്രതിരോധ സംവിധാനത്തിന്‍റെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുകയാണ്. സൈനികതാവളത്തിനുനേരെ വരുന്ന മിസൈലുകള്‍ കണ്ടെത്തി വായുവില്‍ വച്ചുതന്നെ അവയെ തകര്‍ക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇത്തരം പ്രതിരോധ സംവിധാനങ്ങള്‍ സ്ഥാപിച്ചിരിക്കുന്നത്. എന്നാല്‍ ഇറാഖിലെ ഇര്‍ബിനിലും, ഐന്‍ അല്‍ അസദിലുമുണ്ടായ ഇറാന്‍ ആക്രമണത്തെ പ്രതിരോധിക്കാന്‍ അവയ്‌ക്ക് കഴിഞ്ഞില്ലെന്നത് വലിയ വിഷയമാണ്. ഭീകരസംഘടനകള്‍ ശക്‌തമായ മേഖലകളിലുള്ള അമേരിക്കയുടെയും, സഖ്യകക്ഷികളുടെയും സൈനിക താവളങ്ങളില്‍ സമാനമായ പ്രതിരോധ സംവിധാനമാണ് ഒരുക്കിയിട്ടുള്ളതെന്നത് വിഷയത്തിന്‍റെ ഗൗരവം വര്‍ധിപ്പിക്കുന്നു.
ഇത് രണ്ടാമത്തെ തവണയാണ് അമേരിക്കയുടെ വ്യോമ പ്രതിരോധ സംവിധാനം പരാജയപ്പെടുന്നത്. കഴിഞ്ഞ വര്‍ഷം സെപ്‌റ്റംബര്‍ 14 ന് അമേരിക്കന്‍ സഖ്യകക്ഷിയായ സൗദി അറേബ്യയിലെ എണ്ണ ഉല്‍പ്പാദന കേന്ദ്രത്തിലേക്ക് ഹൂതി വിമതര്‍ ഡ്രോണ്‍ പ്രയോഗിച്ചപ്പോള്‍ പ്രതിരോധ സംവിധാനങ്ങള്‍ ഒന്നും തന്നെ പ്രവര്‍ത്തിച്ചിരുന്നില്ല. മൂന്ന് ബില്യണ്‍ ഡോളര്‍ മുടക്കിയാണ് അമേരിക്കയില്‍ നിന്നും സൗദി പ്രതിരോധ മിസൈല്‍ വാങ്ങിയത്. അന്ന് വിഷയം അധികം ചര്‍ച്ചയാല്ലെങ്കിലും ഇറാഖിലുണ്ടായ സംഭവം കാര്യമായി തന്നെ ചര്‍ച്ചയാകുന്നുണ്ട്.
1991 ലെ ഗള്‍ഫ് യുദ്ധ സമയത്ത് അമേരിക്കന്‍ സഖ്യകക്ഷികളെ എറെ സഹായിച്ച ഒന്നാണ് അമേരിക്കന്‍ നിര്‍മിത വ്യോമാക്രമണ പ്രതിരോധ സംവിധാനം. എതിരെ വന്ന 47 മിസൈലുകളില്‍ 45 എണ്ണവും ഈ പ്രതിരോധ സംവിധാനം ഉപയോഗിച്ച് തകര്‍ത്തെന്നാണ് അന്ന് അമേരിക്ക അവകാശപ്പെട്ടത്. എന്നാല്‍ അമ്പത് ശതമാനം ആക്രമങ്ങളെ പ്രതിരോധിച്ചുവെന്ന് അമേരിക്ക പിന്നീട് തിരുത്തിപ്പറഞ്ഞിരുന്നു.
ഇറാന്‍റെ പ്രതിരോധ സംവിധാനത്തില്‍ എറ്റവും മികച്ചത് അവരുടെ മിസൈലുകളാണ്. 12 തരം മിസൈലുകളാണ് ഇറാന്‍റെ പക്കലുള്ളത്. അമേരിക്കയുടെ പക്കലുള്ളതാകട്ടെ എഴ് തരം മിസൈലുകള്‍ മാത്രം. അതിര്‍ത്തിയില്‍ നിന്നും രണ്ടായിരം കിലോമീറ്റര്‍ അകലെ ലക്ഷ്യം വയ്‌ക്കാവുന്ന മിസൈലുകള്‍ ഇറാന്‍റെ പക്കലുണ്ട്. യൂറോപ്പിലെ പല രാജ്യങ്ങളും ഇറാന്‍റെ മിസൈല്‍ പരിധിക്കുള്ളിലാണ്.
ഇസ്ലാമിക് റെവലൂഷ്യനറി ഗാര്‍ഡ്‌സ് കൈകാര്യം ചെയ്യുന്ന ശക്‌തമായ മിസൈലുകളെ പ്രതിരോധിക്കാന്‍ അമേരിക്കയ്‌ക്ക് കഴിയില്ലെന്ന സൂചനകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഇതിന് പരിഹാരം കാണുക എന്നത് അമേരിക്കയ്‌ക്ക് തലവേദനയാണ്. ഒപ്പം അമേരിക്കന്‍ നിര്‍മിത വ്യോമാക്രമണ പ്രതിരോധം സംവിധാനം ഉപയോഗിക്കുന്ന എല്ലാ രാജ്യങ്ങള്‍ക്കും ഇറാന്‍റെ ആക്രമണം ഒരു മുന്നറിയിപ്പാണ്.