വാഷിംഗ്ടണ്‍: യു എസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ ഭരണ കാലാവധി അവസാനിക്കുന്നതോടെ സാമ്പ്രദായിക രീതികളില്‍ നിന്നും വ്യത്യസ്തമായ അദ്ദേഹത്തിന്‍റെ നയങ്ങള്‍ക്ക് കൂടിയാണ് വിരാമമാകുന്നത്. നിലവിൽ രണ്ടാം തവണയാണ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിനെ നിയമ നിര്‍മ്മാണ സഭ ഇംപീച്ച് ചെയ്യുന്നത്. സെനറ്റിന് മുന്‍പില്‍ ഈ നടപടി സാധൂകരിക്കുന്നതിന് സ്പീക്കര്‍ നാന്‍സി പെലോസിക്ക് മികച്ച തന്ത്രം മെനയുക തന്നെ വേണം.
ഇംപീച്ച് സംബന്ധിച്ച ആര്‍ട്ടിക്കിള്‍ ചേംബറില്‍ ലഭിച്ച ഉടൻ വിചാരണ ആരംഭിക്കണമെന്നാണ് സെനറ്റ് നിയമങ്ങള്‍ അനുശാസിക്കുന്നത്. “കലാപത്തിന് ആഹ്വാനം ചെയ്തു'' എന്നാണ് ഇംപീച്ച്‌മെന്‍റിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്. കഴിഞ്ഞ ആഴ്ച ട്രംപിന്‍റെ അനുയായികളായ ജനങ്ങൾ ക്യാപിറ്റോളില്‍ കടന്ന് കയറി കലാപം സൃഷ്ടിച്ചതിനു ശേഷമാണ് ഇംപീച്ച്‌മെന്‍റ് നടപടി ആരംഭിച്ചത്. ആര്‍ട്ടിക്കിള്‍ അയച്ച് കൊടുത്തിട്ടുണ്ടെങ്കിൽ ഇന്ന് ജനുവരി 20ന് ബൈഡന്‍റെ സത്യപ്രതിജ്ഞാ ദിനത്തിൽ വിചാരണ ആരംഭിക്കും.
ട്രംപ് അധികാരം ഒഴിഞ്ഞ് ഓഫീസ് വിട്ടതിന് ശേഷം മാത്രമാണ് ഇംപീച്ച്‌മെന്‍റ് വിചാരണ ആരംഭിക്കു എന്നത് ഉറപ്പാണ്. എന്നാല്‍ എങ്ങിനെയായിരിക്കും വിചാരണ മുന്നോട്ട് പോവുക എന്നുള്ളതും സെനറ്റിലെ റിപ്പബ്ലിക്കന്‍ പ്രതിനിധികള്‍ ട്രംപിനെ ശിക്ഷിക്കാൻ വോട്ട് ചെയ്യുമോ എന്നുള്ളതും ഇപ്പോഴും അവ്യക്തമായി തുടരുന്ന കാര്യമാണ്.
വ്യത്യസ്തമായ കുറ്റാരോപണങ്ങള്‍, വ്യത്യസ്തമായ ഇംപീച്ച്‌മെന്‍റ്
കഴിഞ്ഞ തവണ നടന്ന ഇംപീച്ച്‌മെന്‍റ് വിചാരണയില്‍ വ്യത്യസ്തമാകും ഇത്തവണത്തെ വിചാരണ. ഉക്രൈന്‍ പ്രസിഡന്‍റുമായുള്ള ട്രംപിന്‍റെ ഇടപാടുകളെ ചൊല്ലിയുള്ള സഭയുടെ കുറ്റാരോപണമായിരുന്നു 2019-ല്‍ ട്രംപിനെതിരെയുള്ള ഇംപീച്ച്‌മെന്‍റിന് കാരണം. ബൈഡനെ കുറിച്ച് അന്വേഷണങ്ങള്‍ നടത്തുവാന്‍ ഉക്രൈന്‍ പ്രസിഡന്‍റിനോട് ട്രംപ് ആവശ്യപ്പെട്ടു എന്നാണ് ദീര്‍ഘമായ അന്വേഷണങ്ങള്‍ക്കൊടുവിലും ഒന്നിലധികം സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ സാക്ഷ്യപ്പെടുത്തലുകള്‍ക്കും ശേഷം ഉണ്ടായ കുറ്റാരോപണം. ഡമോക്രാറ്റുകള്‍ ഏകകണ്ഠമായി ട്രംപിനെ ഇതിന്‍റെ പേരില്‍ വിമര്‍ശിക്കുകയും അദ്ദേഹം അധികാരം ദുരുപയോഗം ചെയ്തു എന്ന് ആരോപിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ ഇത്തവണ ഇംപീച്ച്‌മെന്‍റിന് അന്വേഷണങ്ങളുടെ ആവശ്യമില്ലെന്നാണ് ഡമോക്രാറ്റുകളുടെ ആഭിപ്രായം. കാരണം ക്യാപിറ്റോളിലെ കടന്നു കയറ്റവും അതിക്രമങ്ങളും ടെലിവിഷനിലൂടെ ലോകം ലൈവായി കാണുന്നുണ്ടായിരുന്നു. തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കെതിരായി “ശക്തമായ ആക്രമണം അഴിച്ചുവിടണം'' എന്ന് ട്രംപ് തന്റെ അനുയായികളോട് ആവശ്യപ്പെടുന്ന തരത്തിലുള്ള അദ്ദേഹത്തിന്‍റെ പ്രസംഗങ്ങളും ഇംപീച്ച്‌മെന്‍റിന് തെളിവായി മുന്നിലുണ്ട്.
ആര്‍ട്ടിക്കിള്‍
നാല് പേജുള്ളതാണ് ട്രംപിനെതിരെയുള്ള ഇംപീച്ച്‌മെന്‍റ് ആര്‍ട്ടിക്കിള്‍. 'ട്രംപ് യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് ഓഫ് അമേരിക്കയുടെയും അതിന്‍റെ ഭരണ നിര്‍വ്വഹണ സ്ഥാപനങ്ങളുടെയും സുരക്ഷയെ അതിഗുരുതരമാം വിധം അപകടപ്പെടുത്തി' എന്നാണ് ആര്‍ട്ടിക്കിളിൽ ഉള്ളത്.ഡമോക്രാറ്റ് പ്രതിനിധികളായ റോഡ് ഐലന്റി ലെ ഡേവിഡ് സിസിലൈന്‍, കാലിഫോര്‍ണിയയിലെ ടെഡ് ല്യൂ, മെരിലാന്‍റിലെ ജാമി റസ്‌കിന്‍ എന്നിവരാണ് ഇംപീച്ച്‌മെന്‍റ് ആര്‍ട്ടിക്കിള്‍ സഭയില്‍ അവതരിപ്പിച്ചത്. സെനറ്റില്‍ നടക്കുന്ന വിചാരണയില്‍ ഇവരെല്ലാവരും ഇംപീച്ച്‌മെന്‍റ് മാനേജര്‍മാരായി സേവനം ചെയ്യാൻ നിയോഗിക്കപ്പെട്ടവരുമാണ്.
ജോര്‍ജിയയില്‍ ബൈഡന് മുമ്പിൽ തോല്‍ക്കേണ്ടി വന്നപ്പോള്‍ അവിടെയുള്ള സംസ്ഥാന സെക്രട്ടറിയെ വിളിച്ച് തനിക്കായി താങ്കള്‍ കൂടുതല്‍ വോട്ടുകള്‍ കണ്ടെത്തണമെന്ന് ട്രംപ് ആവശ്യപ്പെട്ടുവെന്നും ആര്‍ട്ടിക്കിളില്‍ പരാമര്‍ശിക്കുന്നുണ്ട്. തെരഞ്ഞെടുപ്പില്‍ വ്യാപകമായി തട്ടിപ്പ് നടന്നിട്ടുണ്ടെന്ന് ട്രംപ് തെറ്റായി അവകാശപ്പെട്ടു എന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. മാത്രമല്ല അദ്ദേഹത്തിന്‍റെ അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ കോണ്‍ഗ്രസ്സിലെ റിപ്പബ്ലിക്കന്മാരും ക്യാപിറ്റോളില്‍ തടിച്ച് കൂടിയ കൂലിപട്ടാളക്കാരും ആവര്‍ത്തിച്ച് പറഞ്ഞതും റിപ്പോര്‍ട്ടിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.
സ്ഥാനാരോഹണ ചടങ്ങുമായി ബന്ധപ്പെട്ട് ഉണ്ടാകാന്‍ സാധ്യതയുള്ള കലാപം കൈകാര്യം ചെയ്യല്‍
ബൈഡന്‍റെ സ്ഥാനാരോഹണത്തിന് മുന്നോടിയായി 50 സംസ്ഥാനങ്ങളിലും വാഷിംഗ്ടണിലും സായുധ പ്രക്ഷോഭങ്ങള്‍ ഉണ്ടാകാനുള്ള സാധ്യയുണ്ടെന്ന് എഫ്ബിഐ മുന്നറിയിപ്പ് നല്‍കിയിരുന്നു. കഴിഞ്ഞ ആഴ്ച ക്യാപിറ്റോളില്‍ നടന്ന കലാപങ്ങള്‍ക്ക് പ്രകോപിപ്പിച്ചതിൽ രണ്ടാം തവണയും ഇംപീച്ച് ചെയ്യപ്പെട്ട ട്രംപ് അനുയായികള്‍ നടത്തിയ കലാപ നടപടികളെ തള്ളി പറഞ്ഞിരുന്നു.
പരമ്പരാഗത രീതികള്‍ പാലിക്കുവാന്‍ വിസ്സമ്മതിക്കല്‍
പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട ജോ ബൈഡന്‍റെ സ്ഥാനാരോഹണ ചടങ്ങ് ആരംഭിക്കുന്നതിന് മുമ്പ് ബുധനാഴ്ച രാവിലെ തന്നെ ട്രംപ് വാഷിംഗ്ടണില്‍ നിന്നും ഫ്‌ളോറിഡക്ക് പോയി. അധികാര കൈമാറ്റം നടത്താതെ പരമ്പരാഗത രീതിക്ക് വിരുദ്ധമായാണ് ട്രംപ് ഫ്‌ളോറിഡക്ക് പോയത്.
സെനറ്റ് വിചാരണയില്‍ ട്രംപ് നടത്താന്‍ സാധ്യതയുള്ള പ്രതിരോധ വാദങ്ങള്‍
ട്രംപ് അനുയായികളായ ജനക്കൂട്ടം ക്യാപിറ്റോളിലേക്ക് കടന്ന് കയറി അക്രമം അഴിച്ച് വിട്ടതിന് തൊട്ടു മുമ്പ് തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കെതിരായി “ശക്തമായ ആക്രമണം അഴിച്ചുവിടണം'' എന്ന് ട്രംപ് തന്റെ അനുയായികളോട് ആവശ്യപ്പെടുന്ന തരത്തിലുള്ള അദ്ദേഹത്തിന്‍റെ പ്രസംഗങ്ങളും ഇംപീച്ച്‌മെന്‍റിന് തെളിവായി മുന്നിലുണ്ട്. ഇത്തരത്തിൽ ഔദ്യോഗിക കുറ്റാരോപണത്തെ അടിസ്ഥാനമാക്കിയുള്ള ഏക ഇംപീച്ച്‌മെന്‍റ് ആര്‍ട്ടിക്കിളാണ് സഭ അംഗീകരിച്ചിട്ടുള്ളത്.
ഭരണഘടനയുടെ പ്രഥമ ഭേദഗതിയുടെ അടിസ്ഥാനത്തിലുള്ള അഭിപ്രായ സ്വാതന്ത്ര്യ സംരക്ഷണത്തിന്‍റെ കീഴില്‍ വരുന്നതാണ് തന്‍റെ പരാമര്‍ശങ്ങളെന്ന് ട്രംപ് വാദിക്കാൻ സാധ്യതയുണ്ട്. കൂടാതെ തന്‍റെ അനുയായികളോട് “പോരാടാൻ'' അദ്ദേഹം ആവശ്യപ്പെട്ടെങ്കിലും അത് കലാപം സൃഷ്ടിക്കാൻ വേണ്ടിയുള്ള ആഹ്വാനമായി കാണാൻ സാധിക്കില്ലെന്ന് ട്രംപ് വാദിക്കാനാണ് സാധ്യത.
ട്രംപിന്‍റെ ഭാവി തീര്‍ത്തും അനിശ്ചിതമാണ്
തന്‍റെ ഭാവി അങ്ങേയറ്റം അനിശ്ചിതാവസ്ഥയിലായതിനാലാണ് ട്രംപ് വാഷിംഗ്ടണ്‍ വിട്ട് പോകുന്നത്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ ഏറ്റവും ശക്തമായ ശബ്ദമായി നിലകൊണ്ടും 2024-ലെ പാര്‍ട്ടി പ്രസിഡന്‍റ് സ്ഥാനാര്‍ഥിയായി മാറുന്നതിന് ഏറ്റവും സാധ്യതയുള്ള വ്യക്തിയായി തന്നെയായിരിക്കും ട്രംപ് അധികാരം വിട്ടൊഴിഞ്ഞ് മടങ്ങുക എന്നായിരുന്നു പ്രതീക്ഷയെങ്കിലും കലാപത്തോടുള്ള അദ്ദേഹത്തിന്‍റെ പ്രതികരണം സ്വന്തം പാര്‍ട്ടിയിലെ ഭൂരിപക്ഷം നഷ്ടപ്പെടുന്ന സാഹചര്യത്തിൽ എത്തിച്ചിരിക്കുകയാണ്.
ഇനി എന്ത്?
പ്രസിഡന്‍റ് സ്ഥാനത്ത് നിന്നും അരങ്ങൊഴിഞ്ഞതിന് ശേഷമുള്ള തന്‍റെ പദ്ധതികള്‍ എന്തൊക്കെയാണെന്ന് ട്രംപ് ഇനിയും വ്യക്തമാക്കിയട്ടില്ല. ഒരു ഓഫീസ് കെട്ടിപടുക്കുന്നത് മുതല്‍ സാധ്യമായ ഒരു പ്രസിഡന്‍ഷ്യല്‍ ലൈബ്രറി സ്ഥാപിക്കുന്നതിന് വേണ്ടി സ്ഥലം തെരഞ്ഞെടുക്കുന്നത് വരെയുള്ള കാര്യങ്ങളാണ് ചെയ്യാനുള്ളത്. 2024-ല്‍ വീണ്ടും വൈറ്റ് ഹൗസിലേക്ക് എത്താൻ പാര്‍ട്ടിയില്‍ ഒരു പ്രചാരണ മുഖം തുറക്കുവാന്‍ ട്രംപ് ശ്രമം ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ അടുത്ത ആഴ്ച ട്രംപിന്‍റെ രണ്ടാം ഇംപീച്ച്‌മെന്‍റ് വിചാരണ ആരംഭിക്കുന്നതോടെ ഈ സാഹചര്യം അടയാനാണ് സാധ്യത.
ശിക്ഷിക്കപ്പെട്ടാല്‍ ഫെഡറല്‍ ഓഫീസിലേക്ക് വീണ്ടും എത്തുന്നതിന് വേണ്ടിയുള്ള മത്സരത്തില്‍ പങ്കെടുക്കുന്നതില്‍ നിന്നും ട്രംപിനെ സെനറ്റ് നിരോധിച്ചേക്കും. ഒരുപക്ഷെ അദ്ദേഹത്തിന്‍റെ പെന്‍ഷന്‍ പോലും സെനറ്റ് റദ്ദാക്കുവാന്‍ ഇടയുണ്ട്.