കാരക്കസ്: കൊളംബിയ- വെനസ്വേല അതിർത്തി പാലം തുറക്കാൻ വെനസ്വേലന്‍ പ്രസിഡന്‍റ് നിക്കോളാസ് മഡുറോ ആഹ്വാനം ചെയ്തു. ഇപ്പോൾ പരമാധികാരം പൂർണമായും നടപ്പാക്കാൻ കൊളംബിയയുമായുള്ള അതിർത്തി പാലം തുറക്കാൻ തയാറാണെന്നും, ഇന്ന് മുതൽ ഗതാഗതം പുനരാരംഭിക്കുമെന്ന് വെനസ്വേല നിക്കോളാസ് മഡുറോ ട്വീറ്റ് ചെയ്തു. സ്വാതന്ത്ര്യത്തിനും സ്വയം നിർണയത്തിനും വേണ്ടി ശക്തമായി നിലകൊള്ളുന്ന സമാധാനപരമായ ജനങ്ങളാണ് വെനസ്വേലയിലെ ജനങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഏപ്രിലിൽ വെനസ്വേലയിലെ ജനങ്ങള്‍ക്കായി യുഎസിൽ നിന്നും അവശ്യ സാധനങ്ങള്‍ വഹിച്ചുകൊണ്ടുള്ള വാഹനം എത്തിയ സാഹചര്യത്തിലാണ് വെനസ്വേല അതിര്‍ത്തി പാലം അടക്കാൻ മഡുറോ പ്രഖ്യാപിച്ചത്. അമേരിക്കയുടെ സഹായം സ്വീകരിക്കാന്‍ വെനസ്വേല യാചകരല്ലെന്ന് മഡുറോ പറഞ്ഞിരുന്നു.
രാജ്യത്തെ ജനതയെ പട്ടിണിയിൽ നിന്ന് കരകയറ്റാന്‍ പ്രതിപക്ഷനേതാവും സ്വയം പ്രഖ്യാപിത പ്രസിഡന്റുമായ യുവാന്‍ ഗൊയ്‌ദോ അന്താരാഷ്ട്ര പിന്തുണ തേടിയിരുന്നു. തുടര്‍ന്നാണ് മരുന്നും ഭക്ഷ്യവസ്തുക്കളുമായി യുഎസില്‍നിന്ന് സംഘം യാത്രതിരിച്ചത്. രാഷ്ട്രീയ അസ്ഥിരത തുടരുന്ന വെനസ്വേലയില്‍ മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള സഹായമെത്തിക്കുന്നത് നിലവിലെ പ്രസിഡന്റ് നിക്കോളാസ് മഡുറോ തടഞ്ഞു. കൊളംബിയയേയും വെനസ്വേലയെയും ബന്ധിപ്പിക്കുന്ന പാലം അടച്ചാണ് മഡുറോയുടെ നീക്കം. പാലം അടച്ചതിനാല്‍ ഇതിലെയുളള ഗതാഗതം പൂര്‍ണമായും തടസപ്പെടുകയായിരുന്നു. ആവശ്യത്തിന് ഭക്ഷണവും മരുന്നും ലഭിക്കാതെ ദുരിതം അനുഭവിക്കുകയായിരുന്നു വേനസ്വേലന്‍ ജനത.
എന്നാൽ വെനിസ്വേലയിൽ മാനുഷിക പ്രതിസന്ധിയുണ്ടെന്ന റിപ്പോർട്ടുകൾ മഡുറോ നിഷേധിക്കുകയും അമേരിക്ക വെനിസ്വേലക്കു നേരെ നടത്തുന്ന അട്ടിമറിയുടെ ഭാഗമാണിതെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്‍റെ സാമ്പത്തിക, സാമൂഹിക, രാഷ്ട്രീയ, സാംസ്കാരികതയെ പുനഃസ്ഥാപിക്കാൻ ബ്രസീലും അരുബയുമായുമായുള്ള രാജ്യത്തിന്റെ അതിർത്തികൾ വീണ്ടും തുറക്കുമെന്ന് വെനസ്വേലയുടെ വൈസ് പ്രസിഡന്റ് തരീക് എൽ ഐസാമി കഴിഞ്ഞ മാസം മാധ്യമങ്ങളോട് പറഞ്ഞു.