വാഷിങ്ടൺ: ഇന്ത്യയിലെ അതിരൂക്ഷ കൊവിഡ് വ്യാപനം നേരിടാൻ എല്ലാത്തരത്തിലുള്ള സഹായങ്ങളും ചെയ്യാൻ പ്രയത്നിക്കുകയാണെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കൻ. രാജ്യത്തെ ജനങ്ങൾക്കും ആരോഗ്യ പ്രവർത്തകർക്കും എത്രയും പെട്ടന്ന് തന്നെ ആവശ്യമായ സഹായങ്ങൾ എത്തിക്കുമെന്നാണ് അദ്ദേഹം ട്വിറ്ററിൽ കുറിച്ചത്. അതേസമയം രാജ്യത്തെ കൊവിഡ് വ്യാപനത്തിൽ ആശങ്ക പ്രകടിപ്പിച്ച യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് ജേക്ക് സുള്ളിവനും എല്ലാ സഹായങ്ങളും വാഗ്‌ദാനം ചെയ്‌തിട്ടുണ്ട്.
നിരവധി യുഎസ് നിയമനിർമാതാക്കൾ തങ്ങളുടെ ആശങ്കകൾ ഉന്നയിക്കുകയും ബൈഡൻ ഭരണകൂടത്തോട് ഇന്ത്യയെ സഹായിക്കണമെന്നും വാക്‌സിനുകളും നിർണായകമായ മറ്റ് അസംസ്‌കൃത വസ്‌തുക്കളും നൽകണമെന്നും ആവശ്യപ്പെട്ട് സമ്മർദം ചെലുത്തിയിട്ടുണ്ട്. പാകിസ്ഥാനടക്കം മറ്റ് പല രാജ്യങ്ങളും കൊവിഡ് വ്യാപനത്തിൽ ഇന്ത്യക്ക് സഹായ വാഗ്‌ദാനവുമായി രംഗത്തെത്തിയിട്ടുണ്ട്.
കൂടുതൽ വായനയ്ക്ക്: കൊവിഡ് വ്യാപനം; ഇന്ത്യക്ക് സഹായം വാഗ്‌ദാനം ചെയ്‌ത് പാക് മന്ത്രി ഷാ മഹ്മൂദ് ഖുറേഷി