വാഷിംഗ്‌ടൺ: കൊവിഡ് വ്യാപനത്തെ തുടർന്ന് ജപ്പാൻ, ശ്രീലങ്ക എന്നീ രാജ്യങ്ങളിലേക്കുള്ള യാത്രകൾക്ക് മുന്നറിയിപ്പ് നൽകി യു.എസ് സ്‌റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ്.
ജപ്പാനിലേക്കുള്ള യാത്രകൾ ഒഴിവാക്കണമെന്നാണ് യുഎസ് സെന്‍റേർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ നൽകിയിരിക്കുന്ന നിർദേശം. സന്ദർശിക്കണം എന്നുണ്ടെങ്കിൽ യാത്ര ചെയ്യുന്നതിന് മുൻപ് പ്രതിരോധ കുത്തിവയ്‌പ്പ് എടുക്കണമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ജപ്പാനിലെ സ്ഥിതിഗതികൾ ഇപ്പോൾ ഗുരുതരമാണെന്നും പ്രതിരോധ കുത്തിവയ്‌പ്പ് എടുത്തവർക്ക് പോലും കൊവിഡ് പിടിപെടുന്നതിനുള്ള സാധ്യതയുണ്ടെന്നും അതിനാൽ യാത്ര ഒഴിവാക്കണമെന്നാണ് മുന്നറിയിപ്പ്. ഞായറാഴ്‌ച വരെയുള്ള കണക്കുകൾ പ്രകാരം ജപ്പാനിലെ കൊവിഡ് രോഗികളുടെ എണ്ണം ഏഴ് ലക്ഷം കടന്നതായാണ് റിപ്പോർട്ടുകൾ.
ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം 7,14,274 പേർക്ക് കൊവിഡ് സ്ഥിരീകരിക്കുകയും 12,236 പേർ കൊവിഡ് ബാധിച്ച് മരിച്ചെന്നുമാണ് റിപ്പോർട്ടുകൾ. അതേ സമയം ശ്രീലങ്കയിൽ തിങ്കളാഴ്‌ച 2,971പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 167,172 ആയി ഉയർന്നു.