വാഷിങ്‌ടൺ: ഇറാനിൽ കഴിയുന്ന അമേരിക്കൻ തടവുകാരെ മോചിപ്പിക്കണമെന്ന് അമേരിക്ക . ഇറാനിലെ തടവറകളിൽ കൊവിഡ് 19 പടരുന്നു എന്നുള്ള റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ ഇക്കാര്യം ആവശ്യപ്പെട്ടത്. വൈറസ് ബാധയേറ്റ് അമേരിക്കൻ തടവുകാർക്ക് മരണം സംഭവിക്കുകയാണെങ്കിൽ അതിന് പൂർണ ഉത്തരവാദിത്തം ഇറാനിയൻ ഭരണകൂടത്തിനായിരിക്കുമെന്നും ഈ സാഹചര്യത്തിൽ 70,000ത്തോളം തടവുകാരെ താൽകാലികമായി മോചിപ്പിക്കാനുള്ള ഇറാന്‍റെ നടപടികൾ വളരെ ദുർബലമാണെന്നും അമേരിക്ക ആരോപിച്ചു.
രോഗം നിയന്ത്രിക്കാനുള്ള പ്രതിരോധ നടപടികളുമായി ഇറാൻ മുന്നോട്ട് പോവുകയാണെന്ന് ഇറാനിലെ മനുഷ്യാവകാശങ്ങളെക്കുറിച്ചുള്ള ഐക്യരാഷ്‌ട്രസഭയുടെ പ്രത്യേക പ്രതിനിധി ജാവേദ് റഹ്‌മാൻ പറഞ്ഞു. വൈറസ് ബാധ ഇറാനിൽ വളരെയധികം ഗുരുതരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചൊവ്വാഴ്‌ച മാത്രമായി 54 പേരാണ് ഇറാനിൽ മരിച്ചത്. ഇതോടെ രാജ്യത്ത് ആകെ മരണസംഖ്യ 291 ആയി. 8,042 പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു.