വാഷിങ്ടൺ: കൊവിഡ് അതിവ്യാപനത്തെ തുടർന്ന് അമേരിക്ക ചൊവ്വാഴ്ച മുതൽ ഇന്ത്യയിൽ നിന്നുള്ള യാത്രകൾക്ക് വിലക്കേർപ്പെടുത്തും. വിലക്കിൽ നിന്ന് അമേരിക്കന്‍ പൗരന്‍മാരെയും രാജ്യത്ത് സ്ഥിരതാമസമാക്കിയവരെയും ഒഴിവാക്കിയതായി എൻബിസി ന്യൂസ് റിപ്പോർട്ട് ചെയ്തു.
"സെന്‍റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷന്‍റെ ഉപദേശപ്രകാരം അമേരിക്കന്‍ ഭരണകൂടം ഇന്ത്യയിൽ നിന്നുള്ള യാത്രകൾ ഉടന്‍ വിലക്കും. കൊവിഡ് വർധനവും ഇന്ത്യയിൽ വ്യാപിക്കുന്ന ഒന്നിലധികം വേരിയന്‍റുകളുടെയും വെളിച്ചത്തിലാണ് ഇങ്ങനെയൊരു തീരുമാനം. ചൊവ്വാഴ്ച മുതൽ ഇത് പ്രാബല്യത്തിൽ വരും", എന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെൻ സാകി പറഞ്ഞു.
കൊവിഡ് രണ്ടാം തരംഗ ഭീഷണിയിലാണ് ഇന്ത്യ. വെള്ളിയാഴ്ച മാത്രം രാജ്യത്ത് 3.86 ലക്ഷം പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 3,498 പേർ രോഗം ബാധിച്ച് മരിച്ചു. കൊവിഡ് കേസുകൾ ഏപ്രിലിൽ കുതിച്ചുകയറുന്നതിനിടയിൽ ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് പൂർണ്ണമായും വാക്സിനേഷന്‍ നൽകിയാലും എല്ലാ യാത്രകളും ഒഴിവാക്കാൻ ലെവൽ 4 (വളരെ ഉയർന്ന) മുന്നറിയിപ്പ് നൽകി.
രോഗവ്യാപനത്തെതുടർന്ന് നിരവധി രാജ്യങ്ങൾ ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. കാനഡ, യുഎഇ ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഇന്ത്യയിൽ നിന്നുള്ള യാത്രാ വിമാനങ്ങൾ താൽക്കാലികമായി നിരോധിച്ചു. മുൻകരുതൽ അടിസ്ഥാനത്തിൽ യുകെ ഇന്ത്യയെ "റെഡ് ലിസ്റ്റിൽ" ഉൾപ്പെടുത്തി.