വാഷിങ്ടണ്‍: കൊവിഡ് പ്രതിരോധ മരുന്നുകള്‍ വാങ്ങാൻ കഴിയാത്ത രാജ്യങ്ങള്‍ക്ക് സഹായമായി അമേരിക്ക. 50 കോടി ഡോസ് ഫൈസര്‍ വാക്സിൻ അവികസിത രാജ്യങ്ങള്‍ക്ക് സൗജന്യമായി വിതരണം ചെയ്യുമെന്ന് അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ അറിയിച്ചു. അന്താരാഷ്‌ട്ര സഹകണത്തോടെയാണ് മരുന്ന് വാങ്ങാൻ ലക്ഷ്യമിടുന്നത്. മഹത്തായ പദ്ധതിയിലേക്ക് എല്ലാവരുടെയും സംഭാവനകള്‍ പ്രതീക്ഷിക്കുന്നുവെന്നും ജോ ബൈഡൻ പറഞ്ഞു.
ആഫ്രിക്കൻ രാജ്യങ്ങളിലേക്കും കൂടുതലായി മരുന്നെത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലോകത്ത് ആദ്യമായാണ് സൗജന്യ വിതരണത്തിനായി ഒരു രാജ്യം ഇത്രയധികം കൊവിഡ് പ്രതിരോധ മരുന്ന് വാങ്ങാനൊരുങ്ങുന്നത്. 50 കോടി ഡോസ് വാക്സിൻ വിതരണത്തിന്‍റെ ആദ്യഘട്ടമായി 20 കോടി ഡോസ് വാക്സിൻ ഈ വര്‍ഷം അവസാനത്തോടെ വിതരണം ചെയ്യുമെന്നും ബൈഡൻ പറഞ്ഞു.
also read: 750,000 ഡോസ് കൊവിഡ് വാക്‌സിനുകൾ തായ്‌വാന് സംഭാവന ചെയ്യുമെന്ന് അമേരിക്ക
അതേസമയം കൊവിഡ് വ്യാപനം അതിരൂക്ഷമായ അമേരിക്കയിൽ വാക്സിൻ വിതരണം പുരോഗമിക്കുകയാണ്. മുതിർന്ന പൗരൻമാരില്‍ 64 ശതമാനം പേര്‍ക്കും ആദ്യ ഡോസ് നല്‍കി. മരുന്ന് വിതരണം ആരംഭിച്ച് നാലര മാസങ്ങള്‍ക്ക് ശേഷമാണ് അമേരിക്ക ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. ജൂൺ അവസാനത്തോടെ അമേരിക്ക കുറഞ്ഞത് 80 ദശലക്ഷം വാക്സിനുകൾ മറ്റ് രാജ്യങ്ങൾക്ക് നൽകുമെന്ന് പ്രസിഡന്‍റ് ജോ ബൈഡൻ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിന് പുറമെ കൊവാക്സിൻ ഗവേഷണത്തിനായി രണ്ട് ബില്യൺ ഡോളർ സംഭാവനയും നല്‍കിയിരുന്നു. ഒരു രാജ്യം നല്‍കുന്ന ഏറ്റവും ഉയർന്ന സംഭവനയാണിത്.