വാഷിങ്ടൺ: കൊവിഡ് 19 വ്യാപനം തടയാൻ ഇന്ത്യയുടെ ആരോഗ്യ മേഖലക്ക് സാമ്പത്തിക സഹായവുമായി യു.എസ്. ഇന്ത്യക്ക് 5.9 മില്യൺ ഡോളറിന്‍റെ ആരോഗ്യ സഹായം നല്‍കുമെന്ന് അമേരിക്ക അറിയിച്ചു. ഇന്ത്യയില്‍ രോഗം ബാധിച്ചവരെ ചികിത്സിക്കാനും പൊതുജനാരോഗ്യം സംരക്ഷിക്കാനുള്ള സന്ദേശങ്ങൾ സമൂഹത്തില്‍ പ്രചരിപ്പിക്കാനും തുക ഉപയോഗപ്പെടുത്തണം. കൂടാതെ കൊവിഡ് 19 മഹാമാരിയെ കാര്യക്ഷമമായി നേരിടാനും നൂതന ചികിത്സാ രീതികൾ നടപ്പാക്കാനുമാണ് യു.എസ് സാമ്പത്തിക സഹായം നല്‍കുന്നത്.
സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റും യുഎസ് ഏജൻസി ഫോർ ഇന്‍റര്‍നാഷണൽ ഡവലപ്‌മെന്‍റും ചേര്‍ന്ന് ആരോഗ്യം, സാമ്പത്തികം തുടങ്ങിയ മേഖലകളില്‍ ലോക രാജ്യങ്ങൾക്ക് അടിയന്തര സഹായം നല്‍കുന്നുണ്ട്. കൊവിഡിനെ നേരിടാൻ രാജ്യങ്ങളെ സഹായിക്കുന്ന എൻജിഒകൾക്ക് യു.എസ് നല്‍കുന്ന സാമ്പത്തിക സഹായത്തിന് പുറമെയാണിത്. ദക്ഷിണേഷ്യൻ രാജ്യങ്ങളായ അഫ്ഗാനിസ്ഥാന് 18 ദശലക്ഷം ഡോളർ, ബംഗ്ലാദേശിന് 9.6 ദശലക്ഷം ഡോളർ, ഭൂട്ടാന് 500,000 ഡോളർ, നേപ്പാളിന് 1.8 ദശലക്ഷം ഡോളർ, പാകിസ്ഥാന് 9.4 ദശലക്ഷം ഡോളർ, ശ്രീലങ്കക്ക് 1.3 ദശലക്ഷം ഡോളർ എന്നിങ്ങനെ അമേരിക്ക സാമ്പത്തിക സഹായം നല്‍കിയിരുന്നു.