സാൻ ഫ്രാൻസിസ്‌കൊ: കാലിഫോർണിയയിൽ പൈപ്പ് ബോംബുകളും തോക്കുകളും കൈവശം വെച്ചതിന് ഒരാൾ പിടിയിൽ. അഞ്ച് പൈപ്പ് ബോംബുകളും 49 തോക്കുകളുമാണ് ബെഞ്ചമിൻ റോജേഴ്‌സിൻ്റെ പക്കൽ നിന്ന് പിടികൂടിയത്. ഡെമോക്രാറ്റുകൾക്കെതിരെയുണ്ടായ ആക്രമണത്തിൽ ഇയാൾക്ക് പങ്കുണ്ടെന്ന് സംശയിക്കുന്നായി പൊലീസ് പറഞ്ഞു.
ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ, ടെററിസ്റ്റ് ടാസ്‌ക് ഫോഴ്‌സ്, നാപ്പ സ്‌പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ബ്യൂറോ എന്നിവയുടെ സംയുക്ത പരിശോധനയിലാണ് ഇയാളെ പിടികൂടിയത്. ത്രീ-പെർസെൻ്റേഴ്‌സ് എന്നറിയപ്പെടുന്ന സ്റ്റിക്കറും ഇയാളുടെ കാറിൽ നിന്ന് കണ്ടെത്തി. സാധാരണ തീവ്രവാദ സംഘടനയിലുൾപ്പെട്ടവർ മാത്രം ഉപയോഗിക്കുന്ന സ്റ്റിക്കറാണ് ഇത്. സ്റ്റിക്കറിന് പുറമെ ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ ട്രംപ്‌സ് എവരിതിങ് എന്നെഴുതിയ വൈറ്റ് പ്രിവിലേജ് കാർഡും കണ്ടെത്തിയതായി അധികൃതർ അറിയിച്ചു. സംഭവത്തിൽ പൊലീസ് കൂടുതൽ അന്വേഷണം ആരംഭിച്ചു. ഇയാൾ കുറ്റക്കാരനെന്ന് കണ്ടെത്തിയാൽ 10 വർഷം തടവും 250,000 ഡോളർ പിഴയുമാണ് ശിക്ഷ.