ടെക്‌സസ്: അതിർത്തി പ്രദേശത്ത് ക്യാമ്പ് ചെയ്‌ത് ഹെയ്‌ത്തിയൻ ജനതയെ തിരിച്ചയച്ച് യുഎസ്. 320ൽ അധികം വരുന്ന കുടിയേറ്റക്കാരെ മൂന്ന് വിമാനങ്ങളിലായി പോർട്ട ഓ പ്രിൻസിലെത്തിച്ചു. ആറോളം വിമാനങ്ങൾ ചൊവ്വാഴ്‌ച രാജ്യതലസ്ഥാനത്ത് എത്തുമെന്നും അധികൃതർ വ്യക്തമാക്കി. ഡെൽ റിയോ, ടെക്‌സസ് എന്നിവടങ്ങളിൽ 12,000ത്തിലധികം കുടിയേറ്റക്കാരാണ് ക്യാമ്പ് ചെയ്‌തിരുന്നത്.
ബുധനാഴ്‌ച ഏഴ് വിമാനങ്ങളിലായി കുടിയേറ്റക്കാരെ ക്യാപ്-ഹെയ്‌തീൻ, പോർട്ട ഓ പ്രിൻസ് എന്നിവിടങ്ങളിലെത്തിക്കുമെന്ന് യുഎസ് അധികൃതർ വ്യക്തമാക്കി. ഹെയ്‌തിയൻ ജനതയുടെ കുടിയേറ്റം തടയാനായി യുഎസ് ഞായറാഴ്‌ച അതിർത്തികൾ അടച്ചിരുന്നു. ജനത സമീപത്തുള്ള മറ്റ് വഴികളിലൂടെ കടക്കാൻ ശ്രമിക്കുകയും എന്നാൽ അതിർത്തി പട്രോളിങ് ഉദ്യോഗസ്ഥർ നീക്കം തടയുകയുമായിരുന്നു.
അതിർത്തി അടച്ചതിനെ തുടർന്ന് നദീ തീരത്തിരുന്ന ജനതയോട് ഉദ്യോഗസ്ഥർ സ്വന്തം നാട്ടിലേക്ക് പോകാൻ ആവശ്യപ്പെട്ടു. അതേ സമയം എയർബോട്ടിലെത്തിയ മെക്‌സിക്കൻ ഉദ്യോഗസ്ഥർ മെക്‌സിക്കയിലേക്ക് തിരികെ പോകാൻ നദി കടക്കുന്നവരോട് പറഞ്ഞു. ഹെയ്‌തിയൻ ജനതയെ തിരിച്ചയക്കുമെന്ന് മെക്‌സിക്കോയും ഞായറാഴ്‌ച വ്യക്തമാക്കിയിരുന്നു.
കുടിയേറ്റക്കാർ കൂടുതലായുള്ള പ്രദേശങ്ങളിലേക്ക് കൂടുതൽ വിമാന സർവീസുകൾ അനുവദിക്കുമെന്ന് ഗവൺമെന്‍റ് ഉദ്യോഗസ്ഥർ വ്യക്തമാക്കിയിട്ടുണ്ട്. ഹെയ്‌തി ഉൾപ്പെടുന്ന കരീബിയൻ രാജ്യങ്ങളിൽ നിന്ന് വർഷങ്ങളായി യുഎസിലേക്കുള്ള കുടിയേറ്റം വർധിക്കുകയാണ്. 2010ലെ ഭൂചലനത്തിന് ശേഷമാണ് ഇത്തരത്തിലുള്ള കുടിയേറ്റങ്ങൾ വർധിച്ചത്.
READ MORE: ഹെയ്‌തി ഭൂകമ്പം; മരണം 2,207 ആയി