വാഷിംഗ്‌ടണ്‍: കൊവിഡ് രോഗികളുടെ ചികില്‍സയ്‌ക്കായി ആന്‍റിവൈറല്‍ മരുന്നായ റെംഡിസിവറിന് അനുമതി നല്‍കി യുഎസ്. വെക്‌ലൂറി എന്ന ബ്രാന്‍ഡ് നാമത്തില്‍ അറിയപ്പെടുന്ന മരുന്നിന് യുഎസ് ഫുഡ് ആന്‍റ് ഡ്രഗ് അഡ്‌മിനിസ്‌ട്രേഷനാണ് (എഫ്‌ഡിഎ) അനുമതി നല്‍കിയത്. എഫ്‌ഡിഎ അംഗീകാരം ലഭിച്ച കൊവിഡിനുള്ള ആദ്യ ചികില്‍സയാണ് വെക്‌ലൂറി. എന്നാല്‍ റെംഡിസിവര്‍ കൊവിഡ് മുക്തിക്ക് ഫലപ്രദമല്ലെന്ന് കഴിഞ്ഞ ആഴ്‌ച ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിരുന്നു. ഡബ്ല്യൂഎച്ച്ഒ നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. എന്നാല്‍ മരുന്ന് നിര്‍മാതാവായ ഗിലിയാദ് ഡബ്ല്യൂഎച്ച്ഒയുടെ കണ്ടെത്തലിനെ തള്ളിയിരുന്നു.
മെയ് മുതല്‍ യുഎസില്‍ അടിയന്തരാവശ്യത്തിനായി റെംഡിസിവര്‍ അംഗീകരിച്ചിരുന്നു. അടുത്തിടെ കൊവിഡ് സ്ഥിരീകരിച്ച പ്രസിഡന്‍റ് ട്രംപിനും റെംഡിസിവര്‍ നല്‍കിയിരുന്നു. ആശുപത്രിയില്‍ കഴിയുന്ന 12 വയസില്‍ കൂടുതലുള്ളവര്‍ക്കും പ്രായപൂര്‍ത്തിയായവര്‍ക്കും മുതിര്‍ന്നവര്‍ക്കും 40 കിലോയെങ്കിലും ഭാരമുള്ളവര്‍ക്കും മരുന്ന് നല്‍കാമെന്ന് എഫ്‌ഡിഎയുടെ പ്രസ്‌താവനയില്‍ പറയുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച കൊവിഡ് രോഗികളില്‍ മൂന്ന് തവണ നടത്തിയ ക്ലിനിക്കല്‍ ട്രയലിന്‍റെ അടിസ്ഥാനത്തിലാണ് തീരുമാനമെടുത്തതെന്ന് എഫ്‌ഡിഎ കമ്മീഷണര്‍ സ്റ്റീഫന്‍ ഹാന്‍ വ്യക്തമാക്കി.
റെംഡിസിവറിന് പുറമെ ഹൈഡ്രോക്‌സിക്ലോറോക്വിന്‍, എച്ച്‌ഐവിയ്‌ക്കുള്ള ലോപിനാവിര്‍, റിടോനാവിര്‍, ഇന്‍റര്‍ഫറോണ്‍ എന്നീ മരുന്നുകളുടെ ഫലപ്രാപ്‌തിയും ഡബ്ല്യൂഎച്ച്ഒ ക്ലിനിക്കല്‍ ട്രയല്‍ വഴി പരിശോധനാവിധേയമാക്കിയിട്ടുണ്ട്. 30 രാജ്യങ്ങളിലായി 500 ആശുപത്രികളിലെ 11,266 കൊവിഡ് രോഗികളിലാണ് ഈ മരുന്നുകള്‍ പരീക്ഷിച്ചത്. എന്നാല്‍ യുകെയില്‍ കൊവിഡ് രോഗികളില്‍ ഉപയോഗിക്കുന്ന ഡെക്‌സാമെതസോണ്‍ ഡബ്ല്യൂഎച്ച്ഒ പഠനത്തില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല.