വാഷിങ്ടൺ: ജോ ബൈഡന്‍റെ സ്ഥാനാരോഹണവുമായി ബന്ധപ്പെട്ട് കാപ്പിറ്റോള്‍ പരിസരത്ത് സുരക്ഷ ശക്തമാക്കി അമേരിക്ക. അഞ്ച് പേരുടെ മരണത്തിനിടയാക്കിയ ക്യാപിറ്റോല്‍ ഹിൽ കലാപത്തെ തുടർന്നാണ് നടപടി. എഴടിയോളം പൊക്കം വരുന്ന ബാരിയറുകൾ തീർത്താണ് സുപ്രീം കോടതി, ക്യാപിറ്റോള്‍ കെട്ടിടം എന്നിവിടങ്ങളിൽ സുരക്ഷ ഒരുക്കിയിരിക്കുന്നത്.
25,000ത്തോളം സേനാംഗങ്ങളെയും പരിസരത്ത് വിന്യസിച്ചിട്ടുണ്ട്. കൂടാതെ, യുഎസ് മാർഷൽസ് രാജ്യത്തുടനീളം 4,000 ഉദ്യോഗസ്ഥരെ ഡിസിയിൽ വിന്യസിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. കൂടുതൽ ആൾക്കാരുടെ ഒത്തുചേരലുകൾ തടയുന്നതിനായി നാഷണൽ മാൾ അടച്ചിരിക്കുന്നതിനാൽ, പ്രദേശം നിലവിൽ വിജനമാണ്.
ആഭ്യന്തരയുദ്ധത്തിനിടെ പ്രസിഡന്‍റ് ലിങ്കൺ അധികാരമേറ്റതിനുശേഷം ആദ്യമായാണ് അമേരിക്കയിൽ ഇത്തരത്തിൽ സുരക്ഷ ഒരുക്കി ഒരു സ്ഥാനാരോഹണം നടക്കുന്നത്. ജനുവരി 20നാണ് പ്രസിഡന്‍റ് ആയി തെരഞ്ഞെടുക്കപ്പെട്ട ജോ ബൈഡനും വൈസ് പ്രസിഡന്‍റ് കമല ഹാരിസും സത്യപ്രതിജ്ഞ ചെയ്‌ത് അധികാരമേൽക്കുന്നത്.