വാഷിംഗ്‌ടൺ ഡിസി: ഏഴ് ചൈനീസ് സൂപ്പർ കമ്പ്യൂട്ടർ സെന്‍ററുകളെ യുഎസ് കരിമ്പട്ടികയിൽ ഉൾപ്പെടുത്തി. ഈ സെന്‍ററുകളിലെ സൗകര്യങ്ങൾ ആധുനിക ആയുധങ്ങൾ നിർമിക്കുന്നതിനും രാജ്യ സുരക്ഷയ്‌ക്കെതിരെയും ഉപയോഗിക്കാനുള്ള സാധ്യത കണക്കിലെടുത്താണ് യുഎസിന്‍റെ നടപടി. പട്ടികയിൽ ഉൾപ്പെട്ട സൂപ്പർ കമ്പ്യൂട്ടർ സെന്‍ററുകൾക്ക് യുഎസിൽ നിന്നുള്ള ഇറക്കുമതിക്കും തിരിച്ചുള്ള കയറ്റുമതിക്കും പ്രത്യേക അനുമതി ആവശ്യമായി വരും.
"ആണവായുധങ്ങൾ, ഹൈപ്പർസോണിക് ആയുധങ്ങൾ പോലുള്ള ആധുനിക ആയുധങ്ങളുടെയും ദേശീയ സുരക്ഷാ സംവിധാനങ്ങളുടെയും വികാസത്തിനും സൂപ്പർ കമ്പ്യൂട്ടിംഗ് കഴിവുകൾ പ്രധാനമാണ്. യുഎസ് ടെക്‌നോളജി ആയുധ നവീകരണത്തിന് ഉപയോഗിക്കുന്ന ചൈനീസ് നടപടി തടയുന്നതിന് എല്ലാ രീതിയിലും ശ്രമിക്കും" യുഎസിന്‍റെ വാണിജ്യ കാര്യ സെക്രട്ടറി ഗിന എം റൈമോണ്ടോ പറഞ്ഞു.
മനുഷ്യാവകാശ ലംഘനങ്ങൾ, വ്യാപാരം, ചൈനയുടെ സൈനിക നടപടികൾ തുടങ്ങിയ വിഷയങ്ങളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള വർധിച്ചു വരുന്ന അഭിപ്രായ വ്യത്യാസങ്ങളാണ് യുഎസ് നടപടിക്ക് ആധാരം. ചൈനീസ് ഓണ്‍ലൈൻ ഹോം പ്ലാറ്റ്‌ഫോമായ ഡാങ്കേ അപ്പാർട്ട്മെന്‍റ്‌സിനെ പട്ടികയിൽ നിന്ന് പുറത്താക്കാനുള്ള ന്യൂയോർക്ക് സ്റ്റോക്ക് എക്സ്ചേഞ്ചിന്‍റെ നീക്കത്തിനിടെ ആണ് പുതിയ സംഭവ വികാസം. സമയ പരിധി അവസാനിച്ചിട്ടും പ്രവർത്തനത്തെ സമ്പത്തിച്ച കണക്കുകൾ ഹാജരാക്കാത്തതാണ് ഡാങ്കേയ്‌ക്കെതിരെ നടപടി സ്വീകരിക്കാൻ കാരണം.