വാഷിങ്ടണ്‍: യുക്രൈന് കൂടുതൽ ആയുധങ്ങൾക്കും ഉപകരണങ്ങൾക്കുമായി അമേരിക്ക 200 മില്യൺ ഡോളർ അനുവദിച്ചു. ട്വിറ്ററിലൂടെ വൈറ്റ് ഹൗസാണ് ഇക്കാര്യം അറിയച്ചത്. ഇതോടെ 2021 ജനുവരി മുതൽ യുക്രൈന് യുഎസിന്‍റെ മൊത്തം സുരക്ഷാ സഹായം 1.2 ബില്യൺ ഡോളറായി.
പ്രസിഡന്‍റിന്‍റെ തീരുമാനത്തിന് അംഗീകാരം നല്‍കിയതായി അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കൻ ട്വീറ്റ് ചെയ്തു. ആന്‍റി ആര്‍മര്‍, ആന്‍റി എയര്‍ക്രാഫ്റ്റ് സിസ്റ്റവും ചെറിയ ആയുധങ്ങളും ഇതില്‍ ഉള്‍പ്പെടുമെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ സിഎന്‍എന്നിനോട് പറഞ്ഞു.
അതേസമയം കീവില്‍ സ്ത്രീകളെയും കുട്ടികളെയും ഒഴിപ്പിക്കുന്ന വാഹനവ്യൂഹത്തിന് നേരെ റഷ്യൻ സൈന്യം വെടിയുതിർത്തതായി യുക്രൈന്‍ ആരോപിച്ചു. 'ഗ്രീന്‍ കോറിഡോറില്‍' നടന്ന സംഭവത്തില്‍ ഒരു കുട്ടിയുൾപ്പെടെ ഏഴ് പേർ കൊല്ലപ്പെട്ടതായി യുക്രേനിയൻ പ്രതിരോധ മന്ത്രാലയം ട്വീറ്റ് ചെയ്‌തു.
also read: യുക്രൈൻ ജൈവായുധങ്ങൾ നശിപ്പിക്കുന്നത് അമേരിക്കയുടെ സഹായത്തോടെ; സ്ഥിരീകരിച്ച് റഷ്യ
മാർച്ച് 11നാണ് ആക്രമണം നടന്നതെന്നാണ് യുക്രേനിയന്‍ മാധ്യമമായ ദി കീവ് ഇൻഡിപെൻഡന്‍റ് റിപ്പോർട്ട് ചെയ്‌തത്. റഷ്യന്‍ സൈന്യം മാനുഷിക ഇടനാഴിയെയാണ് ലക്ഷ്യം വെയ്‌ക്കുന്നതെന്ന് യുക്രൈന്‍ പ്രസിഡന്‍റ് വ്ളാദ്മിര്‍ സെലൻസ്കി നേരത്തെ ആരോപിച്ചിരുന്നു.