ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രക്ഷോഭങ്ങൾ നടക്കുന്ന ഉത്തർപ്രദേശിലേക്ക് യാത്ര ചെയ്യുമ്പോൾ ജാഗ്രത പാലിക്കണമെന്ന് അമേരിക്ക പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നൽകി. പ്രതിഷേധങ്ങൾ നടക്കുന്ന സ്ഥലങ്ങളെകുറിച്ചുള്ള വാർത്തകൾക്കായി പ്രാദേശിക മാധ്യമങ്ങളെ നിരീക്ഷിക്കാനും സംഘർഷങ്ങൾ നടക്കുന്ന പ്രദേശങ്ങൾ ഒഴിവാക്കാനും അമേരിക്ക പൗരന്മാരോട് അഭ്യർഥിച്ചു. പ്രതിഷേധങ്ങൾ നിലനിൽക്കുന്ന പ്രദേശങ്ങൾ സന്ദർശിക്കുമ്പോൾ എടുക്കേണ്ട മുൻകരുതലുകളെ കുറിച്ചും യുഎസ് എംബസി തങ്ങളുടെ പൗരന്മാർക്ക് നിർദേശം നൽകിയിട്ടുണ്ട്.
ഇന്ത്യയുടെ പല ഭാഗങ്ങളിലും പ്രതിഷേധങ്ങളും പ്രകടനങ്ങളും തുടരുന്ന സാഹചര്യത്തില്‍ യുഎസ് പൗരന്മാർ ജാഗ്രത പാലിക്കണം. ദേശീയ തലസ്ഥാന മേഖലയിലെ പ്രകടനങ്ങൾ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി താരതമ്യേന സമാധാനപരമാണെങ്കിലും, യുഎസ് പൗരന്മാർ പ്രാദേശിക മാധ്യമങ്ങളെ വാർത്തകൾക്കായി നിരീക്ഷിക്കുന്നത് തുടരണമെന്ന് പ്രസ്താവനയിൽ പറയുന്നു. സിഎഎ പാർലമെന്‍റില്‍ പാസാക്കിയതിനെ തുടർന്ന് ഉണ്ടായ പ്രതിഷേധത്തിൽ ഇതുവരെ ഇരുപതോളം പേർ കൊല്ലപ്പെട്ടു. രാജ്യത്ത് ആകമാനം സംഘർഷങ്ങൾ തുടരുന്ന സാഹചര്യത്തിലാണ് യു.എസ് ഇന്ത്യ സന്ദർശനം നടത്തുന്ന പൗരന്മാർക്ക് നിർദേശം നൽകിയത്.