വാഷിങ്ടണ്‍: കൊവിഡ് മഹാമാരിയെ ആഗോളതലത്തിൽ ഇല്ലാതാക്കുന്നതിനായി ലോകത്താകമാനം 5.5 കോടി ഡോസ് കൊവിഡ് വാക്‌സിനുകൾ വിതരണം ചെയ്യുമെന്ന് യു.എസ് അറിയിച്ചു. മോഡേണ, ഫൈസർ, ജോൺസൺ ആൻഡ് ജോൺസൺ എന്നിവയുടെ വാക്‌സിനുകളാണ് വിതരണം ചെയ്യുന്നത്.
ഇതിൽ 4.10 കോടി ലാറ്റിനമേരിക്കയിലേക്കും കരീബിയൻ രാജ്യങ്ങളിലേക്കും അയക്കും. ബാക്കിയുള്ള 1.60 കോടി വാക്‌സിനുകൾ ഇന്ത്യ, നേപ്പാൾ, ബംഗ്ലാദേശ്, പാകിസ്ഥാൻ, ശ്രീലങ്ക, അഫ്ഗാനിസ്ഥാൻ, മാലിദ്വീപ്, ഭൂട്ടാൻ തുടങ്ങിയ 18 ഏഷ്യൻ രാജ്യങ്ങൾക്ക് നൽകും. ഓരോ രാജ്യത്തിനും എത്ര ഡോസുകൾ അയക്കുമെന്ന കൃത്യമായ കണക്കുകൾ വൈറ്റ് ഹൗസ് പുറത്തുവിട്ടിട്ടില്ല.
ALSO READ: അഫ്ഗാൻ വിഷയം; യുഎൻ സുരക്ഷാ സമിതിയിൽ എസ് ജയ്‌ശങ്കർ നാളെ സംസാരിക്കും
ആഗോളതലത്തിൽ കൊവിഡിനെ തടയുന്നതിനായി അമേരിക്ക ശക്തമായി പ്രതിരോധം തീർക്കുമെന്ന് ജോ ബൈഡൻ അറിയിച്ചിട്ടുണ്ടെന്ന് വൈറ്റ് ഹൗസ് പറഞ്ഞു. ജൂണ്‍ അവസാനത്തോടെ അമേരിക്കൻ നിർമ്മിതമായ 8 കോടി വാക്‌സിനുകൾ നൽകും എന്നും അദ്ദേഹം വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇതിന്‍റെ ഭാഗമായാണ് 5.5 കോടി ഡോസ് വാക്‌സിനുകൾ ഇപ്പോൾ നൽകുന്നതെന്നും വൈറ്റ് ഹൗസ് അറിയിച്ചു.