വാഷിംങ്‌ടണ്‍: കൊവിഡ് ചികിത്സയ്ക്കായി റെംഡെസിവിയർ മരുന്നിന് അനുമതി നൽകി അമേരിക്കന്‍ സര്‍ക്കാര്‍. കൊവിഡ് രോഗമുക്തി വേഗത്തിലാക്കാൻ റെംഡെസിവിയറിനാകും എന്നാണ് കണ്ടെത്തൽ. വെള്ളിയാഴ്ചയാണ് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്‌മിനിസ്‌ട്രേഷന്‍ കമ്മീഷണര്‍ സ്റ്റീഫൻ ഹാനിനൊപ്പമാണ് അദ്ദേഹം പ്രഖ്യാപനം നടത്തിയത്. ഇതോടെ കൊവിഡ് ബാധിച്ച് ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്ന രോഗികൾക്ക് റെംഡെസിവിർ നൽകും.
ഇന്ത്യന്‍ അമേരിക്കന്‍ ഫിസീഷ്യന്‍ അരുണ സുബ്രഹ്മണ്യനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ജിലിയഡ് സയൻസസ് നിർമിക്കുന്ന മരുന്ന് കൊവിഡ് ചികിത്സയ്ക്കായി ഉപയോഗിക്കാൻ സാധിക്കില്ലെന്ന വാർത്ത നേരത്തെ പുറത്തുവന്നിരുന്നു. ഡെസിവിയറിന്‍റെ ഉപയോഗം കൊവിഡ് രോഗമുക്തി 31 ശതമാനം വരെ വേഗത്തിലാക്കുമെന്നാണ് പുതിയ കണ്ടെത്തൽ. ഇതിന്‍റെ അടിസ്ഥാനത്തിലാണ് മരുന്ന് ഉപയോഗിക്കാൻ ട്രംപ് അനുമതി നൽകിയത്.