വാഷിങ്‌ടൺ : രാജ്യാന്തര പണം കൈമാറ്റ ശൃംഖലയായ സ്വിഫ്റ്റിൽ റഷ്യക്ക് കൂടുതൽ ഉപരോധങ്ങൾ ഏർപ്പെടുത്തും. സ്വിഫ്റ്റിൽ നിന്ന് റഷ്യൻ ബാങ്കുകളെ പുറത്താക്കാനാണ് നീക്കം. യുക്രൈനിൽ റഷ്യ നാലാം ദിനവും ആക്രമണം ശക്തമാക്കുന്ന സാഹചര്യത്തിൽ റഷ്യക്കുമേൽ സമ്മർദം വർധിപ്പിക്കുയെന്ന ലക്ഷ്യത്തോടെയാണ് യുഎസ്, യൂറോപ്യൻ യൂണിയൻ, യുകെ എന്നീ സഖ്യത്തിന്‍റെ കടുത്ത നടപടി.
ആഗോളതലത്തിൽ 200ൽ അധികം രാജ്യങ്ങളിലായി 11,000ത്തോളം ധനകാര്യ സ്ഥാപനങ്ങളെ ബന്ധിപ്പിക്കുന്ന ശക്തമായ സുരക്ഷാ നെറ്റ്‌വർക്കാണ് സ്വിഫ്റ്റ്. ഇതില്‍ നിന്ന് റഷ്യയെ പുറത്താക്കിയാൽ ധനകാര്യ നെറ്റ്‌വർക്കിന്‍റെ പ്രവർത്തനങ്ങളെ ബാധിക്കുമെങ്കിലും അന്താരാഷ്‌ട്ര തലത്തിൽ റഷ്യയുടെ സാമ്പത്തിക ഇടപാടുകള്‍ക്ക് നിയന്ത്രണങ്ങള്‍ വരും. ആഗോളതലത്തിൽ റഷ്യയ്‌ക്ക് ഇടപാടുകൾ നടത്താനുള്ള സാധ്യത ഇതോടെ വിരളമാകുമെന്നുമാണ് വിലയിരുത്തൽ.
READ MORE: ഖാര്‍കിവില്‍ വാതക പൈപ്പ് ലൈന്‍ തകര്‍ത്തു ; യുക്രൈനില്‍ വന്‍ കെടുതികള്‍ വിതച്ച് റഷ്യന്‍ ആക്രമണങ്ങള്‍
'റഷ്യൻ അധിനിവേശത്തെ ചെറുക്കുന്ന യുക്രൈൻ സർക്കാരിനൊപ്പവും അവിടത്തെ ജനങ്ങൾക്കൊപ്പവുമാണ്. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം നിലവിൽ വന്ന അടിസ്ഥാന അന്താരാഷ്‌ട്ര നിയമങ്ങളുടെയും മാനദണ്ഡങ്ങളുടെയും ലംഘനമാണ് റഷ്യ നടത്തുന്നത്. അതിനെ പ്രതിരോധിക്കാൻ നാം പ്രതിജ്ഞാബദ്ധരാണ്' - സഖ്യം പ്രസ്‌താവനയിൽ പറയുന്നു. എണ്ണ കയറ്റുമതിക്ക് റഷ്യ പ്രധാനമായും ആശ്രയിക്കുന്ന സ്വിഫ്റ്റിൽ നിന്ന് റഷ്യയെ നീക്കം ചെയ്യുന്നത് ആ രാജ്യത്തെ കടുത്ത സമ്മര്‍ദത്തിലാക്കുമെന്നാണ് സഖ്യത്തിന്‍റെ വിലയിരുത്തല്‍.