വാഷിങ്‌ടണ്‍: 2019ൽ സിറിയയിൽ സ്ത്രീകളും കുട്ടികളും അടക്കം 80 പേർ കൊല്ലപ്പെട്ട യു.എസ് വ്യോമാക്രമണത്തെക്കുറിച്ച് പുതിയ അന്വേഷണത്തിന് ഉത്തരവിട്ട് പെന്‍റഗണ്‍ മേധാവി ലോയ്‌ഡ് ഓസ്റ്റിൻ. യു.എസ് ആർമി ചീഫ് കമാൻഡ് മൈക്കൽ ഗാരറ്റ് അന്വേഷണത്തിന് നേതൃത്വം നൽകും. സംഭവത്തെക്കുറിച്ച് നേരത്തേ നടത്തിയ അന്വേഷണം അവലോകനം ചെയ്യാനും യുദ്ധ നിയമ ലംഘനങ്ങളില്‍ കൂടുതൽ അന്വേഷിക്കാനും നിര്‍ദേശമുണ്ട്.
90 ദിവസത്തെ സമയമാണ് ഇതിനായി നല്‍കിയത്. യു.എസ് കോൺഗ്രസിനെ അറിയിച്ചതിന് ശേഷം പ്രതിരോധ വകുപ്പ് അന്വേഷണവുമായി ബന്ധപ്പെട്ട പദ്ധതികൾ പിന്നീട് പ്രഖ്യാപിക്കും. കിഴക്കന്‍ സിറിയയിലെ ബാഗൂസ് യുദ്ധത്തിനിടെ 2019 മാർച്ച് 18 നാണ് സംഭവം. സഖ്യസേനയെ ആക്രമിക്കുന്ന ഇസ്ലാമിക് സ്റ്റേറ്റ് പ്രവര്‍ത്തകരെ കൊല്ലുകയായിരുന്നു വ്യോമാക്രമണത്തില്‍ ലക്ഷ്യം.
ALSO READ: ട്വിറ്റര്‍ സിഇഒ ജാക്ക് ഡോഴ്‌സി രാജിവച്ചു, ഇന്ത്യന്‍ വംശജന്‍ പരാഗ് അഗര്‍വാള്‍ പുതിയ സിഇഒ
യു.എസ് സ്പെഷ്യൽ ഓപ്പറേഷൻസ് യൂണിറ്റായ ടാസ്‌ക് ഫോഴ്‌സ് 9 ആണ് ആക്രമണത്തിന് പിന്നില്‍. 16 തീവ്രവാദികളും 4 സാധാരണക്കാരും കൊല്ലപ്പെട്ടെന്നായിരുന്നു യു.എസ് ആദ്യം പുറത്തുവിട്ട വിവരം. എന്നാല്‍, ആകെ 80 പേര്‍ കൊല്ലപ്പെട്ടെന്ന് അടുത്തിടെ അമേരിക്കന്‍ സൈന്യം തുറന്നുപറഞ്ഞു. ഇതേതുടര്‍ന്നാണ് പെന്‍റഗണിന്‍റെ ഉത്തരവ്.