ന്യൂയോര്‍ക്ക്: ആഗോള തലത്തില്‍ കൊവിഡ് വാക്‌സിന്‍റെ വിതരണവും പരിശോധനയും ചികിത്സയും പക്ഷപാതരഹിതമായി നടത്തണമെന്ന് യൂനിസെഫ്. ലോകാരോഗ്യ സംഘടനയുടെ ആഗോള തലത്തിലുള്ള വാക്‌സിന്‍ സഖ്യമായ 'കൊവാക്‌സ്' 65 ദശലക്ഷം വാക്‌സിന്‍ ഡോസുകള്‍ ഉടന്‍ വിതരണം ചെയ്യുമെന്നും യൂനിസെഫ് എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ ഹെൻറീറ്റ ഫോര്‍ പറഞ്ഞു.
നേപ്പാള്‍, ശ്രീലങ്ക, മാലിദ്വീപ് മുതല്‍ അര്‍ജന്‍റീന, ബ്രസീല്‍ വരെയുള്ള രാജ്യങ്ങളില്‍ കൊവിഡ് കേസുകള്‍ കുത്തനെ ഉയരുകയും ആരോഗ്യ സംവിധാനം പാടെ തകരുന്ന അവസ്ഥയുമാണ് നിലവിലുള്ളത്. അടുത്ത മാസം ജി-7 രാജ്യങ്ങളുടെ ഉച്ചകോടി നടക്കുമ്പോഴേക്കും വാക്‌സിനുകളുടെ ക്ഷാമം 190 ദശലക്ഷമാകുമെന്നും ഹെൻറീറ്റ ഫോര്‍ മുന്നറിയിപ്പ് നല്‍കി.
Read more: ലോകം വാക്സിന്‍ വിവേചനത്തിന്‍റെ പിടിയിലെന്ന് ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ
ഇന്ത്യയില്‍ കൊവിഡ് കേസുകള്‍ ഉയരുന്നത് കൊവാക്‌സിന് ലഭിക്കേണ്ട വാക്‌സിനുകളുടെ എണ്ണത്തില്‍ ഗണ്യമായ കുറവാണ് ഉണ്ടാക്കുന്നത്. വാക്‌സിനുകളുടെ ആവശ്യം വര്‍ധിച്ചതിനാല്‍ മെയ് മാസം സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന രാജ്യങ്ങള്‍ക്ക് വിതരണം ചെയ്യാന്‍ ഉദ്ദേശിച്ച 140 ദശലക്ഷവും ജൂണില്‍ വിതരണം ചെയ്യാനിരുന്ന 50 ദശലക്ഷം വാക്‌സിനും കൊവാക്‌സിന് ലഭിക്കില്ലെന്നും ഫോര്‍ കൂട്ടിച്ചേര്‍ത്തു.
ജൂണ്‍, ജൂലൈ, ആഗസ്റ്റ് മാസങ്ങളിലായി ജി-7 രാജ്യങ്ങളും യൂറോപ്യന്‍ യൂണിയനില്‍ അംഗങ്ങളായ രാജ്യങ്ങളും നിലവിലെ വാക്‌സിന്‍ ശേഖരത്തില്‍ നിന്ന് 20 ശതമാനം പങ്ക് വെച്ചാല്‍ 153 ദശലക്ഷം വാക്‌സിനുകള്‍ കൂടുതലായി വിതരണം ചെയ്യാനാകുമെന്നും ഫോര്‍ വ്യക്തമാക്കി. കഴിഞ്ഞ ദിവസം 80 ദശലക്ഷം വാക്‌സിന്‍ ഡോസുകള്‍ അടുത്ത ആറ് ആഴ്‌ചകളിലായി ആഗോളതലത്തില്‍ വിതരണം ചെയ്യുമെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍ വ്യക്തമാക്കിയിരുന്നു.
Read more: ആറ് ആഴ്ചയ്ക്കുള്ളിൽ ആഗോളതലത്തിൽ 80 ദശലക്ഷം വാക്സിൻ വിതരണം ചെയ്യുമെന്ന് അമേരിക്ക