ന്യൂയോർക്ക്: യു.എൻ സമാധാന സേനാംഗങ്ങൾക്ക് 200,000 കൊവിഡ് വാക്‌സിൻ ഡോസുകൾ നൽകിയതിൽ ഇന്ത്യയ്‌ക്ക് നന്ദി അറിയിച്ച് യു.എൻ.
വാക്‌സിൻ നൽകിയതിൽ യു.എൻ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടെറസ്, വിദേശകാര്യ മന്ത്രി എസ്. ജയ്‌ശങ്കറിനെ അഭിനന്ദിച്ചതായി ഐക്യരാഷ്‌ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ടി.എസ് തിരുമൂർത്തി അറിയിച്ചു. ആഗോള തലത്തിൽ കഴിഞ്ഞ ആഴ്‌ച വരെ 229.7 ലക്ഷം കൊവിഡ് വാക്‌സിൻ ഡോസുകൾ വിതരണം ചെയ്തതായി വിദേശ മന്ത്രാലയം അറിയിച്ചു. കൊവാക്‌സിൻ, കൊവിഷീൽഡ് എന്നീ വാക്‌സിനുകൾക്കാണ് അടിയന്തര ഉപയോഗത്തിന് അംഗീകാരം ലഭിച്ചിരിക്കുന്നത്. കൊവിഡ് വാക്‌സിനേഷൻ പ്രക്രിയ നിരീക്ഷിക്കുന്നതിനായി കേന്ദ്ര സർക്കാർ കൊവിൻ എന്ന ആപ്ലിക്കേഷൻ അവതരിപ്പിക്കുകയും ചെയ്തു.