ന്യൂയോർക്ക്: കൊവിഡ് മഹാമാരി മൂലമുണ്ടായ ഒരു ദശലക്ഷം ആഗോള മരണസംഖ്യയെ യുഎൻ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടെറസ് "വേദനിപ്പിക്കുന്ന നാഴികക്കല്ല്" എന്ന് വിശേഷിപ്പിച്ചു. ജോൺസ് ഹോപ്‌കിൻസ് യൂണിവേഴ്‌സിറ്റിയുടെ കണക്കുകൾ പ്രകാരം ലോകമെമ്പാടുമുള്ള കൊവിഡ് മരണങ്ങൾ ഒരു ദശലക്ഷമായി ഉയർന്നു. 33 ദശലക്ഷത്തിലധികം സ്ഥിരീകരിച്ച കേസുകളും 23 ദശലക്ഷത്തിലധികം രോഗമുക്തിയും റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്.
"ഓരോ വ്യക്തിയുടെ ജീവിതത്തെയും നാം ഒരിക്കലും നഷ്ടപ്പെടുത്തരുത്. അവർ പിതാക്കന്മാരും അമ്മമാരും ഭാര്യമാരും ഭർത്താക്കന്മാരും സഹോദരങ്ങളും സഹോദരിമാരും സുഹൃത്തുക്കളും സഹപ്രവർത്തകരും ആയിരുന്നു. ഈ രോഗത്തിന്‍റെ ക്രൂരതയാണ് വേദനയെ വർധിപ്പിക്കുന്നത്,” ഗുട്ടെറസ് പ്രസ്താവനയിൽ പറഞ്ഞു.
വൈറസ് പടരുന്നതും ജോലി നഷ്ടപ്പെടുന്നതും വിദ്യാഭ്യാസം തടസ്സപ്പെടുന്നതും ഇപ്പോഴും തുടരുകയാണ്. ഈ വെല്ലുവിളിയെ നമുക്ക് മറികടക്കാൻ കഴിയും. പക്ഷേ തെറ്റുകളിൽ നിന്ന് നാം പഠിക്കണം. ഉത്തരവാദിത്തമുള്ള നേതൃത്വം പ്രാധാന്യമർഹിക്കുന്നു. ശാസ്ത്രം പ്രാധാന്യമർഹിക്കുന്നു. സഹകരണം പ്രാധാന്യമർഹിക്കുന്നു. എന്നാൽ തെറ്റായ സന്ദേശങ്ങളുടെ വ്യാപനം നമ്മെ കൊല്ലുന്നതിന് തുല്യമാണെന്നും അദ്ദേഹം കൂട്ടിചേർത്തു. ശാരീരിക അകലം പാലിക്കാനും ഫെയ്‌സ് മാസ്‌കുകൾ ധരിക്കാനും കൈ കഴുകാനും ഗുട്ടെറസ് ഓർമപ്പെടുത്തി.