ലണ്ടന്‍: വികസിത രാജ്യങ്ങളുടെ കൂട്ടായ്‌മയായ ജി 7ലേക്ക് റഷ്യയുടെ രണ്ടാം വരവിനെ എതിര്‍ത്ത് യുകെയും കാനഡയും. 2014 ല്‍ ക്രിമിയയില്‍ നടത്തിയ അധിനിവേശത്തെ തുടര്‍ന്നാണ് റഷ്യ കൂട്ടായ്‌മയില്‍ നിന്നും പുറത്താകുന്നത്. അന്താരാഷ്ട്ര നിയമങ്ങളോടും മാനദണ്ഡങ്ങളോടും റഷ്യ തുടര്‍ച്ചയായി അനാദരവ് കാണിച്ചെന്നും റഷ്യയുടെ മടങ്ങിവരവിനെ പിന്തുണക്കുന്നില്ലെന്നും കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.
കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ജൂണില്‍ നടക്കാനിരുന്ന ജി7 ഉച്ചകോടി സെപ്‌തംബര്‍ 15ലേക്ക് മാറ്റുന്നതായി യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചിരുന്നു. അതോടൊപ്പം ഏഴ് രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന ജ7 കൂട്ടായ്‌മ കാലഹരണപ്പെട്ടെന്നും ഇന്ത്യ, റഷ്യ, ദക്ഷിണ കൊറിയ, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളെ കൂടി കൂട്ടായ്‌മയിലേക്ക് ചേര്‍ക്കണമെന്നും ട്രംപ് പറഞ്ഞു. കൂട്ടായ്‌മയിലേക്ക് റഷ്യയെ വീണ്ടും ചേര്‍ക്കണമെന്ന ട്രംപിന്‍റെ പ്രസ്‌താവനയാണ് ഇരു രാജ്യങ്ങളേയും ചൊടിപ്പിച്ചത്. ഈ വിഷയത്തില്‍ ട്രംപും റഷ്യന്‍ പ്രസിഡന്‍റ് വ്ലാഡിമര്‍ പുടിനും തമ്മില്‍ ഫോണിലൂടെ ചര്‍ച്ച നടത്തിയതായാണ് സൂചന.
റഷ്യയെ വീണ്ടും കൂട്ടായ്‌മയിലേക്ക് ചേരാൻ അനുവദിക്കുന്നതിനുള്ള ഏതൊരു നിർദേശവും പിന്തുണക്കില്ലെന്ന് യുകെ പ്രധാനമന്ത്രി ബോറിസ് ജോൺസണിന്‍റെ വക്താവ് പറഞ്ഞു. അതേസമയം യുഎസില്‍ വെച്ച് നടക്കുന്ന ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിന് ഓസ്‌ട്രേലിയയും ദക്ഷിണ കൊറിയയും താല്‍പര്യം അറിയിച്ചതായും വൈറ്റ്ഹൗസ് വൃത്തങ്ങള്‍ അറിയിച്ചു.