വാഷിങ്ങ്ടണ്‍: മ്യാൻമറുമായുള്ള എല്ലാ വ്യാപാര ബന്ധങ്ങളും അമേരിക്ക താൽക്കാലികമായി റദ്ദ് ചെയ്‌തു. മ്യാൻമറിലെ പട്ടാള അട്ടിമറിയെ തുടർന്നാണ് നടപടി. മ്യാൻമറിൽ തെരഞ്ഞെടുക്കപ്പെട്ട സർക്കാർ തിരികെ അധികാരത്തിൽ എത്താതെ വ്യാപാര ബന്ധം പുനസ്ഥാപിക്കില്ലെന്നും അമേരിക്ക വ്യക്തമാക്കി. യുഎസ് വ്യാപാര പ്രതിനിധി കാതറിൻ തായ് ആണ് തീരുമാനം അറിയിച്ചത്.
മ്യാൻമറുമായുള്ള 2013ലെ വ്യാപാര -നിക്ഷേപ കരാർ ആണ് അമേരിക്ക താൽക്കാലികമായി റദ്ദ് ചെയ്‌തത്. ജനാധിപത്യം പുനസ്ഥാപിക്കാനുള്ള മ്യാൻമർ ജനതയുടെ പോരാട്ടങ്ങൾക്ക് അമേരിക്കയുടെ പിന്തുണ അറിയിച്ച കാതറിൻ തായ് സൈനിക നടപടികളെ ശക്തമായി അപലപിക്കുകയും ചെയ്‌തു. മ്യാൻമറിലെ പട്ടാള അട്ടിമറിക്കെതിരെ നടക്കുന്ന പ്രതിഷേധങ്ങളിൽ ഇതുവരെ 459 പേരാണ് കൊല്ലപ്പെട്ടത്. ആൻ സാൻ സ്യൂചി ഉൾപ്പടെയുള്ള പ്രധാന നേതാക്കളെയെല്ലാം തടവിലാക്കി ഫെബ്രുവരി ഒന്നിനാണ് പട്ടാളം മ്യാൻമറിന്‍റെ ഭരണം പിടിച്ചെടുത്തത്. പട്ടാളം ഒരുവർഷത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.