വാഷിങ്‌ടൺ: ഇന്ത്യൻ സന്ദർശനവേളയിൽ പൗരത്വ നിയമ ഭേദഗതിയെക്കുറിച്ചും ദേശീയ പൗരത്വ രജിസ്റ്ററിനെപ്പറ്റിയും അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് നരേന്ദ്ര മോദിയുമായി ചർച്ച നടത്തുമെന്ന് യുഎസ് അഡ്‌മിനിസ്‌ട്രേഷനിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.
ജനാധിപത്യ പാരമ്പര്യങ്ങളെക്കുറിച്ചും മതസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള നിലപാടുകൾ മോദിയുമായുള്ള കൂടിക്കാഴ്‌ചയിൽ ട്രംപ് വ്യക്‌തമാക്കും. ഇന്ത്യയുടെ ജനാധിപത്യ പാരമ്പര്യങ്ങളെയും നിയമസ്ഥാപനങ്ങളെയും അമേരിക്ക ബഹുമാനിക്കുന്നതിനോടൊപ്പം തന്നെ അത് ഉയർത്തിപ്പിടിക്കുന്നതിനായി ഇന്ത്യയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും. ഇന്ത്യയിലെ പ്രശ്‌നങ്ങളെക്കുറിച്ചും ഞങ്ങൾക്ക് ആശങ്കയുണ്ടെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു. പന്ത്രണ്ടംഗ പ്രതിനിധിസംഘത്തോടൊപ്പം ഫെബ്രുവരി 24നാണ് ട്രംപ് ഇന്ത്യാസന്ദർശനം നടത്തുന്നത്. വിശിഷ്‌ട വ്യക്‌തികൾക്ക് വേണ്ടി അഹമ്മദാബാദിലെ മോട്ടേര സ്റ്റേഡിയത്തിൽ 'നമസ്‌തേ ട്രംപ്' എന്ന പരിപാടി നടത്തുന്നുണ്ട്. കരാറുകൾ ഒപ്പിടുന്നതിന് പുറമെ നിരവധി ചർച്ചകളും കൂടിക്കാഴ്‌ചയിൽ ഉണ്ടാകും.