വാഷിങ്ടണ്‍: കശ്‌മീര്‍ വിഷയത്തിൽ വീണ്ടും മധ്യസ്ഥതയുമായി അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയോടും പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻഖാനോടും ഫോണിൽ സംസാരിച്ചതിന് ശേഷം പ്രശ്നം പരിഹരിക്കാൻ മുൻകൈയ്യെടുക്കാമെന്ന് ട്രംപ് ട്വീറ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് മധ്യസ്ഥത വഹിക്കാൻ താൻ തയ്യാറാണെന്ന് ട്രംപ് ആവര്‍ത്തിച്ചത്. വൈറ്റ് ഹൗസിൽ നടന്ന വാർത്താ സമ്മേളനത്തിലാണ് ട്രംപ് കശ്‌മീര്‍ വിഷയം പരാമര്‍ശിച്ചത്.
കശ്‌മീര്‍ സങ്കീർണമായ സ്ഥലമാണെന്നും അവിടെ ഹിന്ദുക്കളും മുസ്ലീങ്ങളുമുള്ളതിനാൽ പ്രശ്നപരിഹാരം ദുഷ്കരമാണെന്നും ട്രംപ് പറഞ്ഞു. മധ്യസ്ഥതയിലൂടെ പ്രശ്ന പരിഹാരത്തിന് പരമാവധി ശ്രമിക്കും. ഏതുസമയവും പൊട്ടിത്തെറിയുടെ വക്കിൽനിൽക്കുന്ന രണ്ട് രാജ്യങ്ങളാണ് ഇന്ത്യയും പാകിസ്ഥാനും. വാരാന്ത്യത്തിൽ ഫ്രാൻസിൽ നടക്കുന്ന ജി 7 ഉച്ചകോടിയിൽ മോദിയോട് ഈ വിഷയം സംസാരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കശ്‌മീര്‍ വിഷയത്തിലെ പ്രസംഗങ്ങളിൽ പാകിസ്ഥാൻ മിതത്വം പാലിക്കണമെന്നും പ്രശ്നപരിഹാരത്തിന് ഇരുരാജ്യങ്ങളും സഹകരിക്കണമെന്നും ട്രംപ് നേരത്തെ സൂചിപ്പിച്ചിരുന്നു.