വാഷിംങ്ടണ്‍: തന്‍റെ പ്രസംഗത്തിന്‍റെ കോപ്പി കീറിയ സ്‌പീക്കര്‍ നാന്‍സെ പെലോസിക്കെതിര അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. ഔദ്യോഗിക രേഖയാണ് നാന്‍സി പെലോസി കീറിയതെന്നും സംഭവം നിയമലംഘനമാണെന്നും ട്രംപ് അഭിപ്രായപ്പെട്ടു. "പ്രസിഡന്‍റിന്‍റെ പ്രസംഗം ഔദ്യോഗിക രേഖയാണ്, അത് കീറുന്നത് കൃത്യമായ നിയമലംഘനമാണ്. സ്‌പീക്കറുടെ നടപടി കണ്ടു നിന്നവര്‍പോലും അത്ഭുതപ്പെട്ടിരിക്കുകയാണ്. സെനറ്റിനെ അപമാനിക്കുന്നതിന് തുല്യമാണ് സ്‌പീക്കറുടെ നടപടി" - ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു.
അധികാര ദുർവിനിയോഗം, കോൺഗ്രസിന്‍റെ പ്രവര്‍ത്തനങ്ങളെ തടസപ്പെടുത്തി തുടങ്ങിയ ആരോപണങ്ങളില്‍ ഇംപീച്ച്‌മെന്റ് നടപടികള്‍ നേരിട്ട ട്രംപിനെ ഭരണകക്ഷിയായ റിപ്പബ്ലിക്കൻ പാർട്ടി നിയന്ത്രണത്തിലുള്ള സെനറ്റ് കഴിഞ്ഞ ദിവസം കുറ്റവിമുക്തനാക്കിയിരുന്നു. ഇതിന് ശേഷം സെനറ്റില്‍ ട്രംപിന്‍റെ പ്രസംഗം നടന്ന സമയത്താണ് സംഭവമുണ്ടായത്. ട്രംപിന്‍റെ തൊട്ടുപിന്നില്‍ നിന്നിരുന്ന നാന്‍സി പെലോസി പ്രസംഗത്തിന് തൊട്ടുപിന്നാലെ പ്രസംഗത്തിന്‍റെ കോപ്പി കീറുകയായിരുന്നു. പ്രസംഗത്തിന് തൊട്ടുമുമ്പ് പെലോസി നല്‍കിയ ഹസ്‌തദാനം ട്രംപ് സ്വീകരിക്കാതിരുന്നതും വാര്‍ത്തയായിരുന്നു. ട്രംപിനെ പ്രസിഡന്‍റ് സ്ഥാനത്തുനിന്ന് നീക്കാന്‍ മുന്‍കൈ എടുത്തയാളാണ് സ്‌പീക്കര്‍ നാന്‍സി പെലോസി. രാജ്യത്തെ സ്പീക്കറും അമേരിക്കൻ പ്രസിഡന്റും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളാകുകയാണ്.