വാഷിങ്ങ്ടൺ: യുഎസ് പ്രസിഡന്‍റ് സ്ഥാനത്ത് താൻ തുടരുമെന്ന അവകാശവാദവുമായി ഡൊണാൾഡ് ട്രംപ്. നവംബർ 3ന് നടന്ന യുഎസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ ജോ ബൈഡന്‍റെ വിജയം ഔദ്യോഗികമായി സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ട്രംപിന്‍റെ പ്രസ്താവന. ബൈഡന് അധികാരം കൈമാറാനുള്ള പ്രവർത്തനങ്ങൾ ഔദ്യോഗികമായി ആരംഭിച്ചെങ്കിലും തോൽവി സമ്മതിക്കാൻ ട്രംപ് തയ്യാറായിട്ടില്ല. ട്രംപ് പക്ഷം നിരവധി സംസ്ഥാനങ്ങളിൽ ഒന്നിലധികം കേസുകൾ ഫയൽ ചെയ്തിട്ടുണ്ട്. കൂടാതെ, സിറ്റിംഗ് പ്രസിഡന്‍റുമാരുടെ ചരിത്രത്തിൽ ഏറ്റവും ഉയർന്ന വോട്ടാണ് തനിക്ക് ലഭിച്ചതെന്നും ട്രംപ് കൂട്ടിച്ചേർത്തു.
പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ വ്യാപകമായ വോട്ടർ തട്ടിപ്പിനെക്കുറിച്ചും തെരഞ്ഞെടുപ്പ് ദുരുപയോഗത്തെക്കുറിച്ചും ട്രംപ് ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. എന്നാൽ ഇത്തരം ആരോപണങ്ങളെല്ലാം സംസ്ഥാന തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും മാധ്യമങ്ങളും നിഷേധിച്ചു. 538 ഇലക്ടറൽ കോളജ് വോട്ടുകളിൽ 270ൽ കൂടുതൽ വോട്ടുകൾ ബൈഡന് ലഭിച്ചതായും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചിരുന്നു.