വാഷിങ്ടൺ: യുഎസ്- ചൈന വ്യാപാര കരാറിന്‍റെ ആദ്യഘട്ടത്തിന് തുടക്കം. അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് കരാറില്‍ ഒപ്പുവെച്ചതോടെയാണ് കരാർ സാധ്യമായത്. അമേരിക്കൻ കർഷകരിൽ നിന്നും നിർമാതാക്കളിൽ നിന്നുമുള്ള കയറ്റുമതി വർധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്ന കരാറിനാണ് ട്രംപ് ഒപ്പുവെച്ചത്. ഇതോടെ രണ്ട് സാമ്പത്തിക ശക്തികൾ തമ്മില്‍ ദീർഘനാളായി നീണ്ടുനിന്ന വ്യാപാര യുദ്ധത്തിന് ശമനമാകും. 2018 ജൂലൈയിൽ ചൈനീസ് ഉല്‍പന്നങ്ങൾക്ക് ഇറക്കുമതിക്ക് തീരുവ ഏർപ്പെടുത്തിക്കൊണ്ടാണ് ട്രംപ് ഭരണകൂടം വ്യാപാര യുദ്ധം ആരംഭിച്ചത്.
യുഎസ്- ചൈന വ്യാപാര കരാറിലൂടെ അമേരിക്കൻ തൊഴിലാളികൾക്ക് സാമ്പത്തിക നീതി ലഭ്യമാകുമെന്നും അന്താരാഷ്‌ട്ര വ്യാപാരത്തില്‍ കരാര്‍ വലിയൊരു മാറ്റത്തെ അടയാളപ്പെടുത്തുമെന്നും ബുധനാഴ്‌ച വൈറ്റ് ഹൗസില്‍ നടന്ന ചടങ്ങില്‍ ട്രംപ് പറഞ്ഞു. ഒരു പഴയകാല തെറ്റിനെ തിരുത്തുവെന്നാണ് കരാറില്‍ ഒപ്പുവെച്ചുകൊണ്ട് ട്രംപ് പറഞ്ഞത്. 5000 കോടി ഡോളറിന്‍റെ കാര്‍ഷിക ഉല്‍പന്നങ്ങൾക്ക് കരാര്‍ വഴി നേട്ടമുണ്ടാകുമെന്നാണ് കണക്കാക്കുന്നത്.
യുഎസ്- ചൈന വ്യാപാര കരാര്‍ ചൈനയ്ക്കും യുഎസിനും മാത്രമല്ല, ലോകത്തിന് മുഴുവൻ ഗുണം ചെയ്യുമെന്ന് ചൈനീസ് പ്രസിഡന്‍റ് ഷീ ജിൻപിങ്ങിന്‍റെ കത്ത് വായിച്ചുകൊണ്ട് ചൈനീസ് വൈസ് പ്രീമിയര്‍ ലിയു ഹെയു പറഞ്ഞു. ചൈനയ്‌ക്കെതിരായ യുഎസിന്‍റെ സാമ്പത്തിക ഉപരോധം ലഘൂകരിക്കാൻ കരാർ സഹായിക്കും. അമേരിക്കൻ കാർഷിക ഉൽപന്നങ്ങളുടെയും മറ്റ് വസ്തുക്കളുടെയും ഇറക്കുമതി ചൈന വർധിപ്പിക്കും. കരാര്‍ ഇരുരാജ്യങ്ങൾക്കും നേട്ടമുണ്ടാക്കുമെന്നും തങ്ങൾ ഒരുമിച്ച് നില്‍ക്കുന്നത് മുഴുവൻ രാജ്യങ്ങൾക്കും ഗുണം ചെയ്യുമെന്നും ട്രംപ് വ്യക്തമാക്കി. കരാറിന്‍റെ രണ്ടാം ഘട്ട കരാര്‍ ഒപ്പുവെക്കുന്നത് സംബന്ധിച്ച ചര്‍ച്ച തുടങ്ങുമെന്നും അമേരിക്കൻ പ്രസിഡന്‍റ് അറിയിച്ചു.