വാഷിങ്‌ടൺ: ചൈനക്കെതിരെ വീണ്ടും രൂക്ഷ വിമർശനവുമായി യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. ലോകത്തെ ലക്ഷക്കണക്കിന് ആളുകളുടെ ജീവൻ അപഹരിച്ച കൊവിഡ് രോഗത്തിന് അറുതി വരുത്താൻ യാതൊരു നടപടിയും ചൈനയെടുത്തില്ലെന്ന് ട്രംപ് ആരോപിച്ചു. 'ചൈന വൈറസി'നെ ഇനിയും കൊറോണ വൈറസ് എന്ന് വിളിക്കരുത്. ഇറ്റലിയിലെ അതിമനോഹരമായ ഒരു സ്ഥലമെന്ന പ്രതീതിയാണ് കൊറോണ വൈറസ് എന്ന പദം നൽകുന്നതെന്നും ട്രംപ് പരിഹസിച്ചു. പെൻസിൽവാനിയയിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിക്കിടെയാണ് ട്രംപിന്‍റെ പരാമർശം.
വീണ്ടും നാല് വർഷം കൂടി അധികാരത്തിലെത്തിയാൽ യുഎസിനെ ലോകത്തെ ഏറ്റവും വലിയ ഉൽപാദക ശക്തിയായി മാറ്റുമെന്നും ചൈനയെ ആശ്രയിക്കുന്നത് പൂർണമായും അവസാനിപ്പിക്കുമെന്നും ട്രംപ് പ്രഖ്യാപിച്ചു. നവംബർ മൂന്നിനാണ് അമേരിക്കയിൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്.